സഹകരണ ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതം; മേഖലയെ തകര്‍ക്കാൻ ഇഡി ശ്രമിക്കുന്നു: മന്ത്രി വി.എൻ വാസവൻ

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമാണെന്ന് സഹകരണമന്ത്രി വി.എൻ. വാസവൻ. കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർണായക സ്വാധീനമാണ് സഹകരണ സംഘങ്ങൾക്കുള്ളത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അത്താണിയായി പ്രവർത്തിക്കുന്ന സഹകരണ മേഖലയിലെ നിക്ഷേപം 2.5 ലക്ഷം കോടിയാണ്. 1.86 ലക്ഷം കോടി രൂപ വായ്പ കൈകാര്യം ചെയ്യുന്നു. സംസ്ഥാനത്തെ ബാങ്കിങ് പ്രവർത്തനത്തിന്റെ 40 ശതമാനത്തിലേറെ സഹകരണ ബാങ്കുകളാണ് കൈകാര്യം ചെയ്യുന്നത്. ഈ സംവിധാനത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ സംഘങ്ങൾക്ക് മേൽ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ ഇഡി. നടത്തുന്ന പരിശോധനകളെന്ന് മന്ത്രി പറഞ്ഞു.
സഹകരണ മേഖലയിലാകെ കള്ളപ്പണം എന്ന തെറ്റായ സന്ദേശത്തിലൂടെ ഈ മേഖല പടുത്തുയര്‍ത്തിയ വിശ്വാസത്തെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ഏറ്റവും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സുശക്തമായ സംവിധാനമാണ് കേരളത്തിലെ പ്രാഥമിക വായ്പാ സംഘങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെ ചില നിക്ഷിപ്ത താത്പര്യക്കാര്‍ നടത്തുന്ന കുപ്രചരണമാണ് ഇപ്പോള്‍ ഇ.ഡി ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ട് എന്ന് നോട്ടു നിരോധനകാലത്ത് ഉയര്‍ന്നു വന്ന ആരോപണങ്ങളെല്ലാം തന്നെ അന്ന് നബാര്‍ഡ്, ഇൻകം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയവയൊക്കെ വിശദമായ പരിശോധന നടത്തി ഒരു പ്രശ്നവും കണ്ടെത്താനായില്ല. ഇപ്പോള്‍ കരുവന്നൂരില്‍ നടന്ന കേസിന്റെ പിന്നാലെ നടത്തുന്ന പരിശോധന പരമ്ബരകള്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.
സഹകരണ മേഖലയില്‍ അനഭിലഷണീയമായ പ്രവര്‍ത്തനങ്ങളുണ്ടെങ്കില്‍ അതിനെതിരായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ആരും എതിര് പറയുകയില്ല. എന്നാല്‍ അതിന്റെ മറവില്‍ സഹകരണ മേഖലയിലാകെ കുഴപ്പമാണെന്ന് പ്രതീതി വരുത്തുന്നത് നല്ല പ്രവണതയല്ലെന്നും വാസവൻ പറഞ്ഞു. ഇത്തരത്തിലുള്ള പ്രവണത നിക്ഷേപകരില്‍ അതിന്റെ ഇടപാടുകാരില്‍ ഭീതി വളര്‍ത്താനേ സഹായകമാകൂവെന്നും മന്ത്രി പറഞ്ഞു.
സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് എന്നും സർക്കാരിന്റെ ഉറപ്പുണ്ട്. സഹകരണ ബാങ്കുകളിലെ ഒരാളിന്റേയും നിക്ഷേപം ഒരു കാരണവശാലും നഷ്ടമാകില്ല. നിക്ഷേപങ്ങൾക്ക് ഗ്യാരണ്ടിയുണ്ട്. എല്ലാ സംഘങ്ങളും എപ്പോഴും നിക്ഷേപം തിരികെ നൽകാൻ കഴിയുന്ന തരത്തിൽ ആവശ്യമായ ലിക്വഡിറ്റി ഉറപ്പാക്കുന്നു. എന്നു മാത്രമല്ല സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് നിക്ഷേപ ഗ്യാരണ്ടി ബോർഡുണ്ട്. ഇതിനു പുറമേ സഹകരണ പുനരുദ്ധാരണ നിധി സഹകരണ വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്. ഇത്തരത്തിൽ നിക്ഷേപങ്ങൾക്ക് ഏറ്റവും വലിയ പരിരക്ഷ നൽകുന്ന സംസ്ഥാനമാണ് കേരളം.
സഹകരണ മേഖലയില്‍ ചില ഒറ്റപ്പെട്ട അനഭിലഷണീയ പ്രവണതകള്‍ കടന്നു വരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല. അതിനെ ശക്തമായി ചെറുക്കുന്നതിനുള്ള നടപടികള്‍ സഹകരണ വകുപ്പ് ചെയ്തു വരുന്നു. ഇക്കഴിഞ്ഞ നിയമസഭ ഐകകണ്ഠേന പാസ്സാക്കിയ നിയമഭേദഗതിയില്‍ ഒട്ടേറെ നിദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. സഹകരണ സംഘങ്ങളിലെ ആഡിറ്റ് സംവിധാനം ശക്തമാക്കുന്നതിന് ടീം ആഡിറ്റ് സംവിധാനം കൊണ്ടുവന്നു. ആഡിറ്റില്‍ കണ്ടെത്തുന്ന ന്യൂനതകള്‍ പരിശോധിച്ച് ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നതിന് നിരവധി നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ് വെയര്‍-ന് അംഗീകാരം നല്‍കി. ആഡിറ്റ് റിപ്പോര്‍ട്ടിലെ ന്യൂനത, ഭരണസമിതി അംഗങ്ങളും ജീവനക്കാരും അവരുടെ ബന്ധുക്കളും സംഘങ്ങളില്‍ നിന്നും എടുത്തിട്ടുള്ള വായ്പ ബാദ്ധ്യതകള്‍ എന്നിവ ജനറല്‍ ബോഡിയില്‍ വയ്ക്കുന്നതിനു് നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഡിറ്റിലും പരിശോധനകളിലും ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍ കണ്ടെത്തുമ്ബോള്‍ അത് പോലീസിനും അഴിമതി നിരോധന നിയമപ്രകാരം ക്രൈംബ്രാഞ്ചിനും നല്‍കി നടപടി സ്വീകരിക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അത്തരത്തില്‍ ശക്തമായ ഭരണനിയമ സംവിധാനങ്ങള്‍ നടപ്പിലാക്കി മുന്നോട്ട് പോകുമ്ബോള്‍ അതിനെതിരായി ബോധപൂര്‍വ്വമായ നീക്കമാണ് ഇ.ഡി ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്ത് നിന്ന് നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം