നർകോട്ടിക്ക് ജിഹാദ്; പാലാ ബിഷപ്പിനെ പിന്തുണച്ച് ഇരിങ്ങാലക്കുട ബിഷപ്പ്

Irinjalakkuda bishop supports Pala bishop
 

ഇരിങ്ങാലക്കുട: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടൻ. ലൗ ജിഹാദിനും നർകോട്ടിക്ക് ജിഹാദിനുമെതിരെ ജാഗ്രത വേണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. മാതാപിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണം. ക്രൈസ്തവ കുടുംബങ്ങളിൽ നാല് കുട്ടികളെങ്കിലും വേണമെന്നും ബിഷപ്പ് പോളി കണ്ണൂക്കാടൻ പറഞ്ഞു. രൂപതാ ദിനത്തോടനുബന്ധിച്ച് നടന്ന കുറുബാനയിലാണ് ഇരിങ്ങാലക്കുട ബിഷപ്പ് പാലാ ബിഷപ്പിന്റെ വിവാദ പരാമർശങ്ങൾ ആവർത്തിച്ചത്.

പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മുൻ കെ.സി.ബി.സി. വക്താവും രംഗത്തെത്തിയിരുന്നു. മാർ കല്ലറങ്ങാട്ടിൻ്റേത് വിശ്വാസികൾക്കുള്ള ജാഗ്രതാ നിർദേശമാണെന്നും മക്കളുടെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്നും ഫാദർ വർ​ഗീസ് വള്ളിക്കാട്ട് ചോദിച്ചു.

അതേസമയം, പാലാ ബിഷപ്പിന്റെ പ്രസ്താവന പരിശോധിക്കപ്പെടേണ്ടതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പാലാ ബിഷപ്പ് പറഞ്ഞത് പുതിയ കാര്യമല്ലെന്നും ബിഷപ്പിനെ എല്ലാവരും ചേർന്ന് ആക്രമിക്കേണ്ട കാര്യമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം പാലാ ബിഷപ്പിന്‍റെ പ്രസംഗത്തിനെതിരെ കടുത്ത നിലപാടുമായി രംഗത്ത് വരികയാണ് മുസ്ലീം സംഘടനകൾ. പ്രസ്താവന വർഗീയ ദ്രുവീകരണം ലക്ഷ്യമിട്ടെന്നാണ് മുസ്ലീം കോർഡിനേഷൻ കമ്മിറ്റിയുടെ ആരോപണം. ബിജെപി സർക്കാരിന്‍റെ ആനുകൂല്യങ്ങളിൽ കണ്ണുവെച്ചാണ് ബിഷപ്പിന്‍റെ നീക്കം. പാലാ ബിഷപ്പ് കല്ലറങ്ങാട്ടിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ട് കോർഡിനേഷൻ കമ്മിറ്റി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

പാലാ ബിഷപ്പിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പി ടി തോമസും രംഗത്തെത്തി. നാർക്കോട്ടിക് ജിഹാദ് പ്രസ്താവന അതിരുകടന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും സഭ തകര്‍ക്കരുത്. ജാതി തിരിച്ചും മതം നോക്കിയും കുറ്റകൃത്യങ്ങളുടെ കണക്ക് എടുക്കരുത്. ഏതെങ്കിലും സമുദായത്തിനു മേല്‍ കുറ്റം ചാർത്തുന്നത് അക്ഷന്തവ്യമായ തെറ്റാണ്. മതമേലധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ബിഷപ്പിന്‍റെ പരാമർശം അത്ഭുതപ്പെടുത്തുന്നുവെന്നും മതസൗഹാർദ്ദത്തെ ആഴത്തിൽ മുറിവേൽപ്പിക്കുമെന്ന് സംശയമുണ്ടെന്നുമായിരുന്നു പി ടി തോമസിന്‍റെ പ്രതികരണം.