ന്യൂഡല്‍ഹി : സമൂഹ മാദ്ധ്യമങ്ങള്‍ വഴി ഐഎസ് അനുകൂല പ്രചാരണം നടത്തുകയും യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതിനും മൂന്നുമലയാളികള്ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് അമീന്, കണ്ണൂര്‍ സ്വദേശി മുഷബ് അന്‍വര്‍, ഓച്ചിറ സ്വദേശി റഹീസ് റഷീദ് എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം. ഡല്‍ഹിയിലെ എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റ് കേസില്‍ അറസ്റ്റിലായവര്‍ക്കെതിരേയാണ് കുറ്റപത്രം. ആകെ പത്തു പേര്‍ക്കെതിരെ എന്‍.ഐഎ സ്വമേധയാ കേസെടുത്തിരുന്നു. മറ്റ് ഏഴ് പേരില്‍ ചിലരെ ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
സമൂഹ മാധ്യമങ്ങളിലൂടെ പ്രതികള്‍ ഐഎസ് പ്രചാരണം നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. മുസ്ലീം യുവാക്കളെ ഐഎസിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതികള്‍ നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
പ്രതികള്‍ക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളുടെ പ്രചാരണം, ഭീകര സംഘടനയിലേക്ക് ധനസമാഹരണം നടത്തല്‍, സമാന മനസ്കരായ യുവാക്കളെ റിക്രൂട്ട് ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ കണ്ടെത്തിയതായി എന്‍.ഐ.എ സംഘം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കണ്ണൂര്‍ താണ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ അടുത്തിടെ ഈ കേസില്‍ എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തിരുന്നു.
https://www.youtube.com/watch?v=4jsk40AVKaQ
Comments