വി.എസ്.എസ്.സിയിലേക്ക് ഉപകരണങ്ങളുമായെത്തിയ ഐ.എസ്.ആര്‍.ഒ വാഹനം തടഞ്ഞു; നോക്ക് കൂലി വേണമെന്ന് ആവശ്യം

vssc
 

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥിതി ചെയുന്ന വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് ഉപകരണങ്ങളുമായെത്തിയ ഐ.എസ്.ആര്‍.ഒ വാഹനം പ്രദേശവാസികൾ തടഞ്ഞു. ഉപകരണങ്ങൾ ഇറക്കാൻ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. 


ഐ.എസ്.ആര്‍ഒ.യുടെ വിന്‍ഡ് ടണല്‍ പദ്ധതിക്കായി മുംബൈയില്‍ നിന്നും എത്തിച്ച കൂറ്റന്‍ ചരക്ക് വാഹനമാണ് വേളി പാലത്തിന് സമീപം നാട്ടുകാര്‍ തടഞ്ഞത്. നാട്ടുകാരുടെ സഹായമില്ലാതെ മെഷീന്‍ ഉപയോഗിച്ച് വാഹനത്തിലെ ചരക്ക് ഇറക്കുന്നതിനാല്‍ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 

സ്ഥലത്ത് സംഘർഷാവസ്ഥ നിലനില‍നില്‍ക്കുന്നുണ്ട്. നോക്കുകൂലിയായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് വി.എസ്.എസ്.സി അധികൃതർ പറഞ്ഞു. ഇതിനിടെ പോലീസും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. 

വാഹനത്തിൽ ആകെയുള്ളത് 184 ടണ്ണിന്‍റെ ലോഡാണ്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് വി.എസ്.എസ്.സി അധികൃതർ പറഞ്ഞു.

വി.എസ്.എസ്.സിക്കായി സ്ഥലമേറ്റെടുപ്പ് നടത്തിയപ്പോള്‍ നല്‍കിയ തൊഴിലുറപ്പ് വാഗ്ദാനം ഇതുവരെ പാലിച്ചില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ തര്‍ക്കവും ഉന്തും തള്ളുമുണ്ടായി. പ്രശ്നം പരിഹരിക്കാന്‍ നാട്ടുകാരും ഇടവക വികാരിയും പൊലീസും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും പരിഹാരമായില്ല.

ഇതിനിടെ പൊലീസ് സുരക്ഷയില്‍ വാഹനം വി.എസ്.എസ്.സി വളപ്പിലേക്ക് പ്രവേശിച്ചു. വാഹനം തടഞ്ഞതില്‍ നടപടി സ്വീകരിക്കാന്‍ ജില്ല ലേബര്‍ ഓഫീസര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. മുംബൈയില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം എത്തിച്ച ചരക്ക് കൊല്ലത്ത് നിന്ന് 21 ദിവസം കൊണ്ടാണ് റോഡ് മാര്‍ഗ്ഗം തിരുവനന്തപുരത്ത് കൊണ്ടുവന്നത്