സമ്മര്‍ദത്തിന് വഴങ്ങി ഇളവുകള്‍ നല്‍കിയത് ദയനീയം: പിണറായി സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

supreme court 7/5

ന്യൂഡല്‍ഹി: ബക്രീദിനു മുന്നോടിയായി നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയതില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കോവിഡ് വ്യാപനം കൂടിയ ഡി വിഭാഗം പ്രദേശങ്ങളിലും ഇളവു നല്‍കിയ നടപടിയെ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമര്‍ശിച്ചു.

കേരളം ഭരണഘടനയുടെ 21 അനുചേദം അനുസരിക്കണമെന്നും കാന്‍വാര്‍ കേസില്‍ പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണെന്നും സുപ്രീംകോടതി പറഞ്ഞു. ഇളവുകള്‍ സ്ഥിതി ഗുരുതരമാക്കിയാല്‍ അതിന്റെ പ്രത്യാഘാതം കേരളം നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. മഹാമാരിയുടെ  കാലത്ത് സമ്മര്‍ദത്തിനു വഴങ്ങുന്നത് ദയനീയമായ അവസ്ഥയാണെന്ന് കോടതി പറഞ്ഞു.

അതേസമയം, ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെ ചോദ്യം ചെയ്താണ് ഡല്‍ഹി സ്വദേശിയായ മലയാളി വ്യവസായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളത്തില്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് ന്യായീകരിക്കാനാവാത്ത നടപടിയാണെന്നും കേരളം രാജ്യത്തെ തന്നെ അപകടത്തിലാക്കുകയാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.