നല്ല രീതിയില്‍ പരിഹരിക്കണം': പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്‍ ശ്രമിച്ചെന്ന് ആരോപണം

ak saseendran

തിരുവനന്തപുരം: പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്‍ ശ്രമിച്ചെന്ന് ആരോപണം. പരാതി നല്ല രീതിയില്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്ന മന്ത്രിയുടെ ഫോണ്‍ സംഭാഷണം പുറത്തു വന്നു. പരാതിക്കാരിയുടെ പിതാവിനെ വിളിച്ച് പരാതി പിന്‍വലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടതായി പെണ്‍കുട്ടിയുടെ അച്ഛന്‍ വെളിപ്പെടുത്തി.

അതേസമയം, പാര്‍ട്ടിയിലെ തര്‍ക്കങ്ങളെ തുടര്‍ന്നുള്ള വ്യാജ പരാതിയാണ് ഇതെന്നും പാര്‍ട്ടിയിലെ പ്രശ്‌നം എന്ന നിലയില്‍ മാത്രമാണ് മന്ത്രി ഇടപെട്ടതെന്നും എന്‍സിപി നേതാക്കള്‍ പറയുന്നു. സംഭവം വിവാദമായത്തോടെ വിശദീകരണവുമായി മന്ത്രി എകെ ശശീന്ദ്രന്‍ രംഗത്തെത്തി.  പരാതിക്കാരിയുടെ അച്ഛന്‍ തന്റെ പാര്‍ട്ടിക്കാരനാണ്. കാര്യം അന്വേഷിക്കാനാണ് വിളിച്ചത്. ആദ്യം കരുതിയത് പാര്‍ട്ടിയിലെ പ്രശ്‌നം ആണെന്നാണ്. പിന്നീടാണ് വിഷയം അറിഞ്ഞത്. മറ്റ് കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും ശശീന്ദ്രന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. നല്ല രീതിയില്‍ പരിഹരിക്കണമെന്നാണ് പറഞ്ഞതെന്നും ആ സംസാരത്തോടെ ആ വിഷയം വിട്ടെന്നും യുഡിഎഫിന് അന്വേഷിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.