പുരാവസ്തു തട്ടിപ്പ് കേസ്; മാധ്യമപ്രവര്‍ത്തകന്‍ സഹിന്‍ ആന്‍റണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

  Sahin Antony
 

കൊച്ചി: മോൻസൻ മാവുങ്കലിന്‍റെ(Monson Mavunkal) പുരാവസ്തു തട്ടിപ്പ് കേസിൽ മാധ്യമ പ്രവ‍ർത്തകനായ സഹീൻ ആന്‍റണിയെ ക്രൈംബ്രാഞ്ച് (Crime Branch) ചോദ്യം ചെയ്തു. സഹിന് മോൻസണുമായി ബന്ധമുണ്ടെന്ന് പരാതിക്കാർ ആരോപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ശബരിമല ഈഴവര്‍ക്കും, മലയരയര്‍ക്കും അവകാശപ്പെട്ടതെന്ന ചെമ്പോല തിട്ടൂരം ആണെന്ന തരത്തില്‍ വ്യാജരേഖ ഉയര്‍ത്തിക്കാട്ടി 24 ന്യൂസിലെ റിപ്പോ‍ർട്ടറായ സഹിന്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ വിവാദ പുരാവസ്തു വ്യവസായി മോന്‍സന്‍ മാവുങ്കലിന്‍റെ അറസ്റ്റോടെയാണ് ചെമ്പോലയുടെ ആധികാരികത വെളിവാകുന്നത്.

മോൻസനും മാധ്യമപ്രവർത്തകനുമായുളള സാന്പത്തിക ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ചില ഉന്നതരെ ഈ മാധ്യമപ്രവർത്തകനാണ് തങ്ങൾക്ക് പരിചയപ്പെടുത്തിയതെന്ന് പണം നഷ്ടപ്പെട്ടവർ മൊഴി നൽകിയിരുന്നു.

മോന്‍സണ്‍ വ്യാജമായി നിര്‍മ്മിച്ചതാണ് ചെമ്പോലയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. മോന്‍സന്‍ മാവുങ്കലിന്‍റെ പക്കലുണ്ടായിരുന്ന ശബരിമലചെമ്പോല വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.

 അതേസമയം പുരാവസ്തുക്കളുടെ മറവിലെ സാമ്പത്തിക തട്ടിപ്പിന് പുറമേ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ പേരിലും മോൻസൻ മാവുങ്കൽ  നടത്തിയ ഇടപാടുകളെപ്പറ്റിയും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ചേർത്തലയിലെ നൂറേക്കറിൽ രാജ്യാന്തര മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്കായി ജീവനക്കാരെയും നിയമിച്ചിരുന്നു. ഇതിനിടെ സൗന്ദര്യ ചികിത്സയുടെ മറവിൽ മോൻസൻ നടത്തിയ ആയുർവേദ ചികിത്സയെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.