ബിജെപിയെ ചെറുക്കാൻ യുഡിഎഫിന് കഴിയില്ല എന്ന വിലയിരുത്തലിൽ ന്യൂനപക്ഷങ്ങൾ യുഡിഎഫിനെ കൈവിട്ടുവെന്ന് കെ.മുരളീധരൻ

murali

കോഴിക്കോട്: ബിജെപിയെ ചെറുക്കാൻ യുഡിഎഫ് പോരാ എന്നതിനാലാണ് ന്യൂനപക്ഷങ്ങൾ യുഡിഎഫിനെ കൈവിട്ടതെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ.മുരളീധരൻ. അത് പിണറായി വിജയൻ മുതലെടുത്തു. പിണറായി ന്യൂനപക്ഷങ്ങളോട് ബിജെപിയെ ചൂണ്ടിക്കാണിച്ച് അവരുടെ വോട്ടും വാങ്ങി, കോൺഗ്രസ് മുക്തഭാരതത്തിന്റെ ഭാഗമായി കേരളം കോൺഗ്രസ് മുക്തമാക്കണമെന്ന് പറഞ്ഞു രഹസ്യമായി ബിജെപിയുടെ വോട്ട് വാങ്ങി.

മൊത്തത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നഷ്ടമായിരുന്നു. അത് മനസിലാക്കി കൊണ്ട് പാർട്ടിയുടെ നിലപാട് അനുസരിച്ച് കേന്ദ്രത്തിലെ മുഖ്യശത്രു ബിജെപിയും കേരളത്തിലെ ശത്രു സിപിഎമ്മിനും എതിരെയുള്ള അക്രമണത്തിനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കേണ്ടതെന്ന് മുരളീധരൻ പറഞ്ഞു.

അതിന് എല്ലാവിധ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താൻ സമയമായിട്ടില്ല. തുടക്കത്തിലേ വീഴ്ച്കൾ ചൂണ്ടിക്കാണിക്കാനും തിരുത്തിക്കാനും പ്രതിപക്ഷത്തിന് സാധിച്ചിട്ടുണ്ട്. സുധാകരന്റെ ശൈലി കോൺഗ്രസിന് ദോഷം ചെയ്യില്ല. നിലവിൽ പാർട്ടിയിൽ ഗ്രൂപ്പുകൾ ഇല്ലാത്തത് സന്തോഷം തരുന്നു. എന്നാൽ ഇതിന്റെ പേരിൽ പുതിയ ഗ്രൂപ്പുകൾ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.