കെ റെയിൽ: നഷ്ടപരിഹാര പാക്കേജ് തയാറായി; വീട് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരവും 4.60 ലക്ഷം രൂപയും

pinarayi vijayan

തിരുവനന്തപുരം: കെ റെയിലിന്‍റെ സിൽവർ ലൈൻ പദ്ധതിയുടെ നഷ്ടപരിഹാര പാക്കേജ് തയാറായി. വീട് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരവും 4.60 ലക്ഷം രൂപയും അല്ലെങ്കിൽ നഷ്ടപരിഹാരവും ലൈഫ് മാതൃകയിൽ വീടും നൽകും. അതിദരിദ്രർക്ക് അഞ്ചുസെന്‍റ്​ ഭൂമിയും ലൈഫ് മാതൃകയിൽ വീടും നൽകും. കാലിത്തൊഴുത്ത് പൊളിച്ചുനീക്കിയാൽ 25,000 രൂപ മുതൽ 50,000 രൂപ വരെ നഷ്ടപരിഹാര തുക നൽകും.

വാസ സ്ഥലം നഷ്ടപ്പെടുന്ന അതിദരിദ്രര്‍ക്ക് മൂന്ന് ഓപ്ഷനാണ് പാക്കേജ് മുന്നോട്ടുവയ്ക്കുന്നത്. ഒന്ന്- നഷ്ടപരിഹാര തുകയും അഞ്ചു സെന്റ് സ്ഥലവും ലൈഫ് മാതൃകയില്‍ വീടും; രണ്ട്-  നഷ്ടപരിഹാര തുകയും അഞ്ച് സെന്റ് ഭൂമിയും നാലു ലക്ഷംരൂപയും; മൂന്ന് - നഷ്ടപരിഹാര തുകയ്ക്കു പുറമേ പത്തു ലക്ഷംരൂപ.  വാണിജ്യ സ്ഥാപനം നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരത്തിനൊപ്പം 50,000 രൂപ നല്‍കും. വാടക കെട്ടിടത്തിലെ വാണിജ്യ സ്ഥാപനം നഷ്ടമാവുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ നല്‍കും.

വാസ സ്ഥലം നഷ്ടമാവുന്ന വാടകക്കാര്‍ക്ക് 30,000 രൂപ. പദ്ധതി ബാധിക്കുന്ന കുടുംബങ്ങളിലെ യോഗ്യരായവര്‍ക്കു നിയമനങ്ങളില്‍ മുന്‍ഗണന നല്‍കും. കച്ചവട സ്ഥാപനം നഷ്ടമാവുന്നവര്‍ക്ക് കെ റെയില്‍ വാണിജ്യ സമുച്ചയങ്ങളില്‍ കടമുറികളില്‍ മുന്‍ഗണന ലഭിക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൊഴില്‍ നഷ്ടപ്പെടുന്ന സ്വയം തൊഴിലുകാര്‍, ചെറുകിട കച്ചവടക്കാര്‍, കരകൗശല പണിക്കാര്‍ തുടങ്ങിയവര്‍ക്ക് 50,000 രൂപ പ്രത്യേക സഹായമായി നല്‍കും. ഒഴിപ്പിക്കപ്പെടുന്ന വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മാസം ആറായിരം രൂപ വീതം ആറു മാസം, പെട്ടിക്കടക്കാര്‍ക്ക് 25,000 രൂപ മുതല്‍ 50,000 രൂപ വരെ, പുറമ്പോക്ക് ഭൂമിയിലെ താമസക്കാര്‍ക്കും കച്ചവടം നടത്തുന്നവര്‍ക്കും കെട്ടിട വിലയ്ക്കു പുറമേ അയ്യായിരം രൂപ വീതം ആറു മാസം നല്‍കുമെന്നും പാക്കേജ് പറയുന്നു.

അർധ അതിവേഗ റെയിൽവെയായ സിൽവർലൈൻ പദ്ധതി സംബന്ധിച്ച്​ സംശയങ്ങൾ ദൂരീകരിക്കാൻ തിരുവന്തപുരത്ത്​ വിളിച്ചു ചേർത്ത പൗര പ്രമുഖരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് തിരുവനന്തപുരം ജില്ലയിലെ പൗരപ്രമുഖരുടെ യോഗം. പദ്ധതിക്കെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് സമവായ ശ്രമവുമായി മുഖ്യമന്ത്രി നേരിട്ട് ഇറങ്ങുന്നത്.  സില്‍വര്‍ ലൈന്‍ ബാധിക്കുന്ന 11 ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് പദ്ധതി.