കെ റെയില്‍ കേരളത്തെ രണ്ടായി വിഭജിക്കില്ല; അഞ്ച് വർഷത്തിനകം പദ്ധതി പൂർത്തിയാക്കും: എം.ഡി വി അജിത് കുമാർ

k rail
 

തിരുവനന്തപുരം: സിൽവ‍ർലൈൻ (Silverline)പദ്ധതി അഞ്ചുകൊല്ലം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്ന്‍ കെ റെയില്‍ എംഡി വി. അജിത് കുമാർ. ( k rail within 5 years ). കെ റെയില്‍ കേരളത്തെ രണ്ടായി വിഭജിക്കില്ല. കേരളത്തെ രണ്ടായി മുറിക്കുന്ന മതിലുകള്‍ നിര്‍മിക്കില്ല. റെയില്‍വേ നിയമ പ്രകാരമുള്ള സംരക്ഷണ വേലി മാത്രമാണ് കെട്ടുന്നത്. ഓരോ 500 മീറ്ററിലും റോഡ് മുറിച്ച് കടക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകുമെന്നും എംഡി പറഞ്ഞു. 

ഒരു റെയിൽവേ ലൈൻ പണിയുന്നതിന് അഞ്ചു കൊല്ലം ധാരാളമാണ്. രണ്ട് കൊല്ലത്തിനകം ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയാൽ അഞ്ചു വർഷം കൊണ്ട് പണി പൂർത്തിയാക്കുമെന്നാണ് അജിത് കുമാർ പറഞ്ഞത്. പദ്ധതി പൂർത്തിയാക്കാനുള്ള മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത് 63, 941 കോട് രൂപയാണ്. 2025 വരെയുള്ള ചെലവു വർധനവും നികുതികളും നിർമാണ ഘട്ടത്തിലെ പലിശയും ഉൾപ്പെടെയാണ് ഈ തുക കണക്കാക്കിയിട്ടുള്ളത്.
 
2017 ഒക്ടോബർ 27ന് കേരള മുഖ്യമന്ത്രിയും റെയിൽവേ ബോഡ് ചെയർമാനും പങ്കെടുത്ത യോഗത്തിലെ തീരുമാനം അനുസരിച്ചാണ് സിൽവർ അലൈൻമെന്റ് നിലവിലെ പാതക്ക് സമാന്തരമായി നിർമിക്കാൻ തീരുമാനിച്ചത്. കാസർഗോഡ് മുതൽ തിരൂർവരെ നിലവിലുള്ള പാതയ്ക്ക സമാന്തരമായാണ് സിൽവർലൈൻ വരുന്നത്. തിരൂർ മുതൽ തിരുവനന്തപുരം വരെ അനേകം വളവുകളും മറ്റുമുള്ളതിനാൽ സമാന്തര പാത സാധ്യമല്ലെന്ന് പഠനത്തിൽ കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിലാണ് ഈ മേഖലയിൽ ഗ്രീൻ ഫീൽഡിൽ പുതിയ പാത ആസൂത്രണം ചെയ്തിട്ടുള്ളത്.

ഇന്ത്യൻ റെയിൽവെയുടെ ഭാവി ഗതാഗത ആവശ്യങ്ങൾ ഒരു പരിധി വരെ നിറവേറ്റാൻ പറ്റുന്ന വിധത്തിലാണ് സിൽവർലൈൻ വിഭാവന ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ കേരളത്തിൽ, ഭാവിയിൽ പുതിയ റെയിൽവേ ലൈനുകൾ ആവശ്യമായി വരില്ല. കേന്ദ്ര റെയിൽവേ മന്ത്രാലയും സംസ്ഥാന സർക്കാരും സംയുക്തമായി തുടങ്ങിയ ഈ സംരംഭത്തിന്റെ ലക്ഷ്യവും അതുതന്നെയാണെന്നും കെ-റെയിൽ എംഡി പറയുന്നു.
 
കേരളത്തിന്‍റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് നാല് മണിക്കൂറില്‍ എത്തിച്ചേരാന്‍ കഴിയുന്ന റെയില്‍വേ പദ്ധതിയാണ് കാസര്‍കോട് - തിരുവനന്തപുരം അര്‍ധ അതിവേഗപാതയായ സിൽവർലൈൻ. നിലവിലെ തീവണ്ടി യാത്രാസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള ബദല്‍ മാര്‍ഗമുണ്ടാക്കുന്നതിനും സംസ്ഥാനത്തെ പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനുമാണ് സില്‍വര്‍ലൈന്‍ ആവിഷ്കരിച്ചിരിക്കുന്നത്. 11 സ്റ്റേഷനുകളാണ് സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ളത്. അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തിലാണ് സില്‍വര്‍ലൈന്‍ പദ്ധതി ആസുത്രണം ചെയ്തിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാക്കാനുള്ള മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത് 63, 941 കോടി രൂപയാണ്. 2025 വരെയുള്ള ചെലവ് വര്‍ധനവും നികുതികളും നിര്‍മാണഘട്ടത്തിലെ പലിശയും ഉള്‍പ്പെടെയാണ് ഈ തുക കണക്കാക്കിയിട്ടുള്ളത്.