ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികള്‍ക്ക് പാദസേവ ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനം: കെ സുധാകരൻ

k sudhakaran
 

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല സിലബസിൽ ആർ.എസ്​.എസ്​ സൈദ്ധാന്തികരുടെ പുസ്​തകങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനത്തിൽ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളുടെ പാദസേവ ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് സുധാകരൻ ഫേസ്ബുക്കില്‍ കുറിച്ചു. 

പിണറായി വിജയൻ്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഒളിഞ്ഞും തെളിഞ്ഞുമുള്ള ആര്‍എസ്എസ് ബന്ധം കേരള സമൂഹം പലവട്ടം കണ്ടിട്ടുള്ളതാണ്. ഏറ്റവുമൊടുവിൽ ആര്‍എസ്എസ് വോട്ട് വാങ്ങി തുടർ ഭരണം നേടിയതിനുള്ള പ്രതിഫലമാകാം സംഘപരിവാറിന് ശ്രീ.വിജയൻ നൽകിക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര വകുപ്പിനെ കാവി പുതപ്പിച്ചതിനു ശേഷം വിദ്യാഭ്യാസ മേഖലയിലും സംഘപരിവാറിൻ്റെ വിഷം കുത്തിവെയ്ക്കാനുള്ള വിജയൻ്റെ ശ്രമങ്ങൾ അപലപനീയമാണെന്നും സുധാകരന്‍ പറഞ്ഞു'


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കണ്ണൂർ സർവ്വകലാശാലയിൽ സംഘപരിവാർ ആശയങ്ങൾ സിലബസിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് താത്ക്കാലികമായി മരവിപ്പിച്ചിരിക്കുന്നു.

പിണറായി വിജയൻ്റെ അടിമക്കൂട്ടമായി അധഃപതിച്ച ഭരണപക്ഷ വിദ്യാർത്ഥി സംഘടനകൾ സംഘപരിവാറിനനുകൂലമായി നിന്നപ്പോൾ വിദ്യാർത്ഥി പക്ഷത്ത് നിന്നു കൊണ്ട് സർവ്വകലാശാലയിലെ കാവിവത്കരണത്തിനെതിരെ പ്രതിഷേധമുയർത്തിയ സമര ഭടൻമാർക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. സവർക്കറെയും ഗോൾവൾക്കറെയും പഠിക്കണമെന്ന് പറഞ്ഞ SFI യുടെ മുഖത്തേറ്റ അടി കൂടിയാണ് നമ്മുടെ കുട്ടികളുടെ സമര വിജയം.

എന്നാൽ ഏതു നിമിഷവും ഈ താൽക്കാലിക മരവിപ്പിക്കൽ പിൻവലിച്ചേക്കാം. സംഘ പരിവാർ കൈയ്യും കാലും കെട്ടിയിട്ട ഒരു മുഖ്യമന്ത്രിയുടെ പാവക്കൂത്ത് ആണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്.

പിണറായി വിജയൻ്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഒളിഞ്ഞും തെളിഞ്ഞുമുള്ള RSS ബന്ധം കേരള സമൂഹം പലവട്ടം കണ്ടിട്ടുള്ളതാണ്. ഏറ്റവുമൊടുവിൽ RSS വോട്ട് വാങ്ങി തുടർ ഭരണം നേടിയതിനുള്ള പ്രതിഫലമാകാം സംഘപരിവാറിന് ശ്രീ.വിജയൻ നൽകിക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര വകുപ്പിനെ കാവി പുതപ്പിച്ചതിനു ശേഷം വിദ്യാഭ്യാസ മേഖലയിലും സംഘപരിവാറിൻ്റെ വിഷം കുത്തിവെയ്ക്കാനുള്ള വിജയൻ്റെ ശ്രമങ്ങൾ അപലപനീയമാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നിഷ്കാസനം ചെയ്യാനിറങ്ങിയിരിക്കുന്ന സംഘപരിവാറിൻ്റെ രാഷ്ട്രീയത്തിന് പിണറായി വിജയൻ കുട പിടിക്കരുത്. നമ്മുടെ കുട്ടികൾക്ക് മതവിദ്വേഷത്തിൻ്റെയും വിഭാഗീയതയുടെയും പ്രത്യയശാസ്ത്രം പഠനവിഷയമായി നൽകരുത്.ഇനിയും RSS ന് കുഴലൂതുന്ന നടപടികളുമായി പിണറായി വിജയൻ മുന്നോട്ട് നീങ്ങിയാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നതിൻ്റെ സൂചനയാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ നടത്തിയ സമരങ്ങൾ.

ഒരു കാര്യം ഉറച്ചു പറയാം, "ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളുടെ പാദസേവ ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ് "