കെ സുധാകരന്‍ കെപിസിസി പ്രസിഡന്റാകും; പ്രഖ്യാപനം വൈകാതെ

sudhakaran k

തിരുവനന്തപുരം: കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റാകും. ഹൈക്കമാന്റിന്റെ അന്തിമ പരിഗണനയിൽ കെ സുധാകരനാണ് മുൻഗണന. മറ്റുപേരുകള്‍ പരിഗണനയിലില്ലെന്ന് വിവരം. ഹൈക്കമാന്‍ഡ് പ്രഖ്യാപനം വൈകാതെ ഉണ്ടാകും. 

പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത് പോലെ മുതിർന്ന നേതാക്കളെ മറികടന്ന് ഏകപക്ഷീയമായി കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇപ്പോഴത്തെ തീരുമാനം ഏത് സമവായത്തിന്‍റെ അടിസ്ഥാനത്തിലാണ് എന്നത് വ്യക്തമല്ല. എംഎൽഎ മാരുമാരുടെയും എംപി മാരുടെയും അഭിപ്രായം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി തരിഖ്  തേടിയിരുന്നു.  

പ്രതിപക്ഷ നേതാവും, ഭൂരിപക്ഷം എം പിമാരും, എംഎൽഎമാരും സുധാകരനെ പിന്തുണച്ചെന്നാണ് താരീഖ് അൻവറിന്റെ റിപ്പോർട്ട്.

ഉമ്മൻ ചാണ്ടി, രമേശ്‌ ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നി നേതാക്കൾ ആരുടേയും പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിച്ചിരുന്നില്ല. കെ സുധാകരനും കൊടിക്കുന്നിൽ സുരേഷുമാണ് ഹൈക്കമാൻഡിന്റെ പരിഗണനയിലുണ്ടായിരുന്നത്. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ സംസ്ഥാനത്തെ നേതാക്കളുമായി വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന പരാതി നിലനിൽക്കുന്നതിനാൽ വിശദമായ ചർച്ച നടത്തിയ ശേഷമേ പുതിയ സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാവൂ എന്നാണ് ഹൈക്കമാന്റ് താരീഖ് അൻവറിന് നൽകിയിരുന്ന നിർദ്ദേശം. റിപ്പോർട്ട് സമർപ്പിക്കാൻ താരീഖ് അൻവറിന് ഒരാഴ്ച സമയമാണ് നൽകിയിരുന്നത്.