സജി ചെറിയാനെ മന്ത്രിയാക്കാനുള്ള നീക്കം ഭരണഘടനാവിരുദ്ധം; വീണ്ടും രാജിവെക്കേണ്ടി വരും: കെ സുരേന്ദ്രൻ

k surendran
 

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരി‍ൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നിയമപരമായും രാഷ്ട്രീയമായും സർക്കാരിന് വലിയ എതിർപ്പുകളെ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുന്നെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.


രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഭരണഘടനെ തള്ളിപ്പറയുകയും ഭരണഘടനാ ശിൽപ്പികളെ പരസ്യമായി അവഹേളിക്കുകയും ചെയ്തതിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. ഇപ്പോൾ അതെ സജി ചെറിയാനെ വീണ്ടും മന്ത്രി സഭയിലേക്ക് തിരിച്ചെടുക്കുകയാണ്.
 
പുതുവർഷ പുലരിയിൽ സർക്കാർ എടുത്ത മ്ലേച്ഛമായ തീരുമാനത്തെ ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. പ്രകോപനകരമായ നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതിന് സർക്കാർ ദൂരവ്യാപകമായ പ്രത്യാഘാതം നേരിടും. നിയമപരമായും രാഷ്ട്രീയമായും ഭരണഘടനാ വിരുദ്ധ നീക്കത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.