‘സിലിണ്ടറിന്റെ കാലം കഴിഞ്ഞു, ഇനി പൈപ്പ്‌ലൈൻ ഗ്യാസ്’; വിലവർധന ന്യായീകരിച്ച് സുരേന്ദ്രൻ

k surendran
 

കൊച്ചി: ഗാര്‍ഹിക, വാണിജ്യ പാചക വാതക വില കുത്തനെ കൂട്ടിയ കേന്ദ്ര നടപടിയില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വില കൂട്ടിയതു സംബന്ധിച്ചുള്ള ചോദ്യത്തിന് സിലിണ്ടര്‍ ഗ്യാസിന്റെ കാലം കഴിഞ്ഞെന്ന് സുരേന്ദ്രന്‍ മറുപടി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍


കൂട്ടിയ പൈസ കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നത്. മോദി സർക്കാർ ഒരു രൂപയുടെ അഴിമതി പോലും നടത്തിയില്ല. പെട്രോളിയം കമ്പനികൾക്ക് അടയ്ക്കാനുള്ള തുക മുഴുവൻ സർക്കാർ അടച്ച് തീർത്തു. സിലിണ്ടർ ഗ്യാസിന്റെ കാലം കഴിഞ്ഞു. സിറ്റി ഗ്യാസ് ലൈൻ പദ്ധതി എല്ലാ നഗരങ്ങളിലും എത്തും. അതോടെ സിലിണ്ടർ ഗ്യാസ് ഉപയോഗം നിൽക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

യുപിഎ സർക്കാരിന്റെ കാലത്ത് പെട്രോളിയം കമ്പനികൾക്കുണ്ടായിട്ടുള്ള വലിയ തോതിലുള്ള നഷ്ടം പൂർണമായും തിരിച്ചടച്ചിരിക്കുകയാണ് നരേന്ദ്രമോദി. കേന്ദ്രസർക്കാർ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുകയാണ്. ഗെയിൽ പൈപ്പ്‌ലൈൻ പൂർത്തിയായതോടുകൂടി കേരളത്തിലെ പല നഗരങ്ങളിലുമുള്ള വീടുകളിൽ പൈപ്പ്‌ലൈൻ ഗ്യാസ് എത്തിക്കഴിഞ്ഞു.– സുരേന്ദ്രൻ പറഞ്ഞു.
   

ത്രിപുര നാഗാലാന്‍ഡ്, മേഘാലയ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും സി.പി.എമ്മിനും വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. പരസ്പര വൈരികളായ കോണ്‍ഗ്രസും സി.പി.എമ്മും ത്രിപുരയില്‍ അവിശുദ്ധ സഖ്യം രൂപവത്കരിച്ച് ബി.ജെ.പി.യെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ത്രിപുരയിലെ ജനങ്ങള്‍ അവരെ നിരാകരിച്ചു. മധുവിധു ആഘോഷിക്കുംമുന്‍പേ ത്രിപുരയില്‍ സി.പി.എം. - കോണ്‍ഗ്രസ് ദാമ്പത്യം തകര്‍ന്നുപോയി. മോദിയുടെ ജനപിന്തുണ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും പ്രതിഫലിക്കും. ഒരു സംസ്ഥാനത്തിന് മാത്രമായി ബി.ജെ.പി.യെ സ്വീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.