ശബരിമല വിഷയത്തിൽ മാപ്പ് പറഞ്ഞിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

kadakampally surendran

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ തെരഞ്ഞെടുപ്പിന്  മുൻപ് നടത്തിയ പ്രസ്താവനയിൽ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല വിഷയത്തിൽ മാപ്പ് പറഞ്ഞിട്ടില്ലെന്ന് കടകംപള്ളി നിയമസഭയിൽ വ്യക്തമാക്കി. ശബരിമലയിൽ നടന്ന സംഘർഷങ്ങളിൽ വിഷമമുണ്ടെന്നാണ് പറഞ്ഞതെന്നും കടകംപള്ളി ചൂണ്ടിക്കാട്ടി.

ഖേദ പ്രകടനമാണ് നടത്തിയത്. മാപ്പ് പറഞ്ഞുവെന്ന വാർത്ത തിരുത്താത്തത് മാപ്പ് പറഞ്ഞില്ലെന്ന കെണിയിൽ വീഴാതിരിക്കാനാണ്. താൻ അതിന് നിന്ന് കൊടുത്തില്ല. അതുകൊണ്ടാണ് അത്തരം നിലപാട് സ്വീകരിച്ചതെന്നും കടകംപള്ളി വ്യക്തമാക്കി. ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കവെയാണ് വിവാദത്തിൽ വിശദീകരണം നടത്തിയത്.

വ്യക്തിപരമായ അധിക്ഷേപമാണ് മുൻ പ്രതിപക്ഷം നടത്തിയത്. ഭരണകർത്താക്കളുടെ കുടുംബാംഗങ്ങളെ വിവാദങ്ങളിൽ വലിച്ചിഴച്ചു. പ്രതിപക്ഷത്തിന്‍റെ പ്രവർത്തനം ക്രിയാത്മകമായിരുന്നില്ല. നാടോടിക്കാറ്റിലെ പവനായിയെ പോലെയായിരുന്നു യുഡിഎഫിന്‍റെ പ്രകടനപത്രികയെന്ന് ചൂണ്ടിക്കാട്ടിയ മുൻ മന്ത്രി, പവനായി ശവമായെന്ന് പരിഹസിക്കുകയും ചെയ്തു.