അദ്ദേഹം പറഞ്ഞത് ദേശീയ എക്സിക്യുട്ടീവിന്റെ അഭിപ്രായമല്ല; ഡി രാജയെ തള്ളി കാനം രാജേന്ദ്രന്‍

കെ ആർ  ഗൗരിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച്  കാനം  രാജേന്ദ്രൻ
 

തിരുവനന്തപുരം: ആനി രാജയുടെ നിലപാടിനെ പിന്തുണച്ച ജനറല്‍ സെക്രട്ടറി ഡി.രാജയുടെ നിലപാടിനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജ പറഞ്ഞത് ദേശീയ എക്സിക്യുട്ടീവിന്റെ അഭിപ്രായമല്ല. ആരായാലും മാനദണ്ഡങ്ങള്‍ പാലിക്കപ്പെടണമെന്നും ജനറല്‍ സെക്രട്ടറി വിമര്‍ശിക്കപ്പെടുന്നത് സ്വാഭാവികമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

താൻ കൊടുത്ത കത്ത് ശരിവെയ്ക്കുകയാണ്  ദേശീയ നേതൃത്വം ചെയ്തത്. പാർട്ടിയുടെ മാനദണ്ഡം ലംഘിക്കപ്പെടാൻ പാടില്ല. അത് ജനറൽ സെക്രട്ടറി ആയാലും ആരായാലും. ഡാങ്കെയെ വിമർശിച്ച പാർട്ടിയാണ് സിപിഐ. കേരളത്തിലെ പൊലീസ് യുപിയിലെ പോലീസിനെ പോലെയല്ല. ഒറ്റപ്പെട്ട സംഭവങ്ങളിൽ തക്കതായ നടപടി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
രാജ പറഞ്ഞത് ദേശീയ എക്സിക്യുട്ടീവിന്റെ അഭിപ്രായമല്ല. ദേശീയ എക്സിക്യുട്ടീവിലുള്ളവര്‍ സംസ്ഥാനത്തെക്കുറിച്ച് പറയുമ്പോള്‍ സംസ്ഥാനഘടകവുമായി കൂടിയലോചിക്കണമെന്നും കാനം പറഞ്ഞു.  

അതിനിടെ ജനയുഗം ഗുരനിന്ദ കാട്ടിയിട്ടില്ലെന്നും ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്റെ പ്രസ്താവന അസ്ഥാനത്തും അനാവശ്യവുമാണെന്നും കാനം പറഞ്ഞു. ശിവരാമനെ താക്കീത് ചെയ്യാനും തീരുമാനിച്ചു.

നേരത്തെ സിപിഐ സംസ്ഥാന എക്സിക്യുട്ടീവിൽ രാജയുടെ നിലപാടിനെതിരെ വിമർശനം ഉയർന്നിരുന്നു. ആനി രാജയെ ന്യായികരിച്ചതിരെയാണ് വിമർശനം. സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് എതിരായ ആനി രാജയുടെ പ്രസ്താവന തെറ്റാണെന്ന് ദേശീയ എക്സിക്യൂട്ടിവ് വിലയിരുത്തിയിരുന്നു. എന്നിട്ടും ആനി രാജയെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ ഡി രാജ ന്യായീകരിച്ചതിലാണ് വിമർശനം ഉയർന്നത്. സംസ്ഥാന പൊലീസിൽ ആര്‍എസ്എസ് ഗ്രൂപ്പെന്ന ആനി രാജയുടെ പരസ്യ വിമര്‍ശനത്തെയാണ് ഡി രാജ ന്യായീകരിച്ചത്.