×

കഞ്ഞിക്കു ഗതിയില്ല: പെന്‍ഷന്‍കാരുടെ ദുരിതം സുഖിച്ചുകഴിയുന്ന ധനമന്ത്രിക്ക് മനസ്സിലാകുമോ ?

google news
.

കഞ്ഞിവെച്ചു കുടിക്കാന്‍ പോലും പോക്കില്ലാത്ത പാവപ്പെട്ടവന്റെ തീരാ ദുരിതം, സര്‍ക്കാര്‍ ചെലവില്‍ മന്ത്രി മന്ദിരത്തില്‍ സുഖിച്ചു കഴിയുന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് മനസ്സിലാക്കാന്‍ കഴിയുമോ. ക്ഷേമപെന്‍ഷന്റെ കുടിശികയായി ഒരാള്‍ക്ക് ലഭിക്കാനുള്ളത് 9,600 രൂപയാണ്. അതായത്, മാസങ്ങള്‍ കഴിഞ്ഞിട്ടും ബാലഗോപാലിന് ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ പണവുമില്ല, പാവപ്പെട്ടവന് ഗതിയുമില്ലാത്ത അവസ്ഥാണെന്നര്‍ത്ഥം. 6 മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശിക ആയതോടെയാണ് ഒരാള്‍ക്ക് ലഭിക്കേണ്ട തുക ഇത്രയും ഉയര്‍ന്നത്. ഇനി തവണകളായല്ലാതെ, ക്ഷേമ പെന്‍ഷന്‍ ഒരു മിച്ചു നല്‍കാന്‍ സര്‍ക്കാരിനാവില്ല. 

.

50 ലക്ഷം പേരാണ് സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വാങ്ങിക്കുന്നത്. 6 മാസത്തെ ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ 4800 കോടി വേണം. പെന്‍ഷന്‍ കൊടുക്കാന്‍ വേണ്ടി രൂപികരിച്ച പെന്‍ഷന്‍ കമ്പനിയോടും സര്‍ക്കാര്‍ കടം പറഞ്ഞിരിക്കുകയാണ്. 11000 കോടി രൂപയാണ് പെന്‍ഷന്‍ കമ്പനിക്ക് സര്‍ക്കാര്‍ കൊടുക്കാനുളളത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കുമ്പോള്‍ ക്ഷേമപെന്‍ഷന്‍ കൊടുക്കാന്‍ സാധിക്കാത്തത് സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. 2 മാസത്തെ ക്ഷേമ പെന്‍ഷന്‍ എങ്കിലും ഉടന്‍ കൊടുക്കണമെന്ന നിര്‍ദ്ദേശം ധനമന്ത്രിയുടെ മുന്നിലുണ്ട്. 

.

പണം ഇല്ലെന്ന സ്ഥിരം പല്ലവിയാണ് ബാലഗോപാല്‍ പറയുന്നത്. എന്നാല്‍, ഗവര്‍ണര്‍ക്ക് ആട്ടിന്‍ കൂടും കോഴിക്കൂട്ടും നിര്‍മ്മിക്കാനും, മുഖ്യമന്ത്രിക്ക് പശുത്തൊഴുത്ത് എ.സിയാക്കാനും, ചുറ്റു മതില്‍ കെട്ടാനും, പുതി. കാറ് വാങ്ങാനും, എന്തിന് മന്ത്രി മന്ദിരങ്ങളിലെ കര്‍ട്ടന്‍ വരെ മാറ്റാന്‍ ലക്ഷങ്ങള്‍ ചെലവാക്കുന്നതിന് പണം ധാരളമുണ്ട്. മന്ത്രിമാരുടെയും, ഗവര്‍ണറുടെയും ഔദ്യോഗിക വസതിയിലുള്ള കന്നുകാലി പരിപാലനത്തിനു നല്‍കുന്ന പണമെങ്കിലും ഒരുമിച്ചെടുത്താല്‍ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ കഴിയും. പലതുള്ളിപ്പെരുവെള്ളമെന്നാണല്ലോ ചൊല്ല്. ധൂര്‍ത്തടിക്കാന്‍ ഉപയോഗിച്ച പണം മതിയായിരുന്നു പാവപ്പെട്ടവന്റെ ക്ഷേമം നോക്കാന്‍. 

.

ക്ഷേമപെന്‍ഷന്‍ കിട്ടാതായതോടെ മരുന്ന് വാങ്ങിക്കാന്‍ പോലും നിവൃത്തിയില്ലാതെ വലയുകയാണ് ക്ഷേമ പെന്‍ഷന്‍കാര്‍. പല ജില്ലകളിലും വിവിധ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ക്ഷേമപെന്‍ഷന്‍കാരുടെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. പണം വേണ്ടേ എന്നാണ് പ്രതിഷേധക്കാരോട് മന്ത്രി സജി ചെറിയാന്‍ പരസ്യമായി ചോദിച്ചത്. റോഡില്‍ കുത്തിയിരുന്നാല്‍ പണം വരില്ലെന്ന് ആക്ഷേപിക്കുന്ന മന്ത്രിയും പരിവാരങ്ങളും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിന്റെ പേരില്‍ നടത്തിയ സമരങ്ങളൊക്കെ മറന്നു പോയി. ക്ഷേമ പെന്‍ഷന്‍ കുടിശിക അടിയന്തിരമായി കൊടുക്കണമെന്നാവശ്യപ്പെട്ട് നിയമസഭ തുടങ്ങിയ ദിവസം തന്നെ പ്രതിപക്ഷം അടിയന്തിര പ്രമേയം കൊണ്ട് വന്നിരുന്നു. 

.

സര്‍ക്കാരിന് ധൂര്‍ത്തിന് പണമുണ്ട്, ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ല എന്ന ഇരട്ടത്താപ്പ് പ്രതിപക്ഷം സഭയില്‍ തുറന്ന് കാട്ടിയത്. 2500 രൂപയായി ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തും എന്നായിരുന്നു ഇടതുമുന്നണിയുടെ 2021ലെ പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച പ്രധാന വാഗ്ദാനം. എന്നാല്‍, 100 രൂപ പോലും ബജറ്റില്‍ കൂട്ടാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തയ്യാറായതുമില്ല. ഇടുപക്ഷത്തിന്റെ വലതുപക്ഷ വ്യതിയാനമാണ് പല വിഷയങ്ങളിലും കാണുന്നത്. ഏതൊക്കെ വിഷയത്തില്‍ എങ്ങനെയൊക്കെ നിലപാട് മാറ്റിയാലും ക്ഷേമ പെന്‍ഷന്‍ കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ വ്യതിയാനം വലിയ വിഷയമായി മാറും. തെരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമല്ല, പ്രശ്‌നം. ഇടതുപക്ഷത്തിന്റെ അടിത്തറയാണ് പാവപ്പെട്ടവര്‍. 

.

അവരെ പിണക്കിയുള്ള രാഷ്ട്രീയം ഇടതുപക്ഷത്തിന് ഭൂഷണമാകില്ല. എന്നാല്‍, ഏര്പില്‍ മാസത്തില്‍ മുടങ്ങിയ ക്ഷേമപെന്‍ഷന്റെ രണ്ടു ഗഡു നല്‍കാനുള്ള നീക്കമാണ് ധനവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന് നല്‍കേണ്ട ഫണ്ട് കേന്ദ്രം തരാതിരിക്കുന്നു, എന്ന ന്യായമാണ് മന്ത്രി പറയുന്നത്. എന്നാല്‍, കേരളം കളവാണ് പറയുന്നതെന്ന് കേന്ദ്രവും വാദിക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയില്‍ കൃത്യമായി ശമ്പളവും പെന്‍ഷനും ലഭിക്കാതെ വന്നതോടെ ആത്മഹത്യകള്‍ പെരുകിയിട്ടുണ്ട്. ഇതേ അവസ്ഥ കേരളത്തിലെ ക്ഷേമ പെന്‍ഷന്‍കാര്‍ക്കിടയിലും ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ആത്മഹത്യ ചെയ്യേണ്ട അവസ്ഥയുണ്ടാകും മുമ്പ്, വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ മൂലമാകും മരണം കൂടുതലായി സംഭവിക്കുക. കാരണം, മരുന്നു വാങ്ങനോ ചികിത്സിക്കാനോ പണമില്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 

Tags