കണ്ണൂർ വി.സി. പുനർനിയമനം വിവാദത്തിൽ; കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അരാജകത്വത്തിന് തുടക്കം

rr
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ അധ്യാപക നിയമന വിവാദത്തിനിടെ ചൊവാഴ്ച കാലാവധി തീർന്ന വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് വീണ്ടും നിയമനം നൽകിയത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അരാജകത്വത്തിന് തുടക്കമായി മാത്രമേ കണക്കാക്കാൻ കഴിയുകയുള്ളു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതിനുള്ള പ്രത്യുപകാരം ആയിട്ടാണ് ഈ നിയമനം നടന്നിട്ടുള്ളത്. ഇത്തരത്തിൽ രാഷ്ട്രീയ നേതൃത്വത്തിന് വഴിവിട്ട സഹായങ്ങൾ ചെയ്‌താൽ വീണ്ടും പുനർനിയമനം ലഭിക്കും എന്നൊരു കീഴ്വഴക്കം ഇതിലൂടെ സൃഷ്ടിക്കപെട്ടിരിക്കുകയാണ്.

നിയമനങ്ങൾ മുഴുവൻ യു.ജി.സി. റഗുലേഷനും അതാത് സർവകശാല സ്റ്റാറ്റ്യുട്ടുകൾക്കും വിധേയമായിട്ടായിരിക്കണം എന്ന നിബന്ധന നിലവിലിരിക്കെയാണ് അതെല്ലാം കാറ്റിൽ പറത്തിയുള്ള വഴിവിട്ട നിയമങ്ങൾ സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുന്നത്. അത്തരം നിയമനങ്ങൾക്ക് ആക്കം കൂട്ടുന്ന പ്രവർത്തനമാണ് ഈ പുനർ നിയമനം. ഇത്തരം വിഷയങ്ങൾ ചൂണ്ടി കാണിച്ച് കൊണ്ട് യു.ജി.സി. ക്കും ഗവർണ്ണർക്കും പലപ്പോഴും കത്തുകളും മെമ്മോറാണ്ടങ്ങളും നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല എന്നൊരു ആക്ഷേപം കൂടിയുണ്ട്. മുൻകാലങ്ങളിലെ ഗവർണർമാർ അതാത് കാലങ്ങളിൽ തിരുത്തൽ ഘടകമായി വർത്തിച്ചിട്ടുണ്ട്. കേരള സർവകലാശാലയിലെ മലയാള നിഘണ്ടു മേധാവിയായി മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം ആർ.മോഹനന്‍റെ ഭാര്യ ഡോക്ടർ പൂർണിമ മോഹനനെ നിയമിച്ചത് വിവാദമായിരുന്നു. തലശ്ശേരി എം.എൽ.എ യുടെ ഭാര്യയുടെയും ശിശു ക്ഷേമ സമിതിയുടെ സെക്രട്ടറിയുടെയും നിയമനങ്ങൾ വിവാദമായതിനെ തുടർന്ന് മാറ്റിവച്ചിരിക്കുകയാണ്. 

വഴിവിട്ട നിയമനം ലഭിച്ച യുവ നേതാക്കളുടെ ഭാര്യമാർ അധികം വൈകാതെ യുണിവേഴ്സിറ്റികളുടെ ഭരണ തലപ്പത്ത് എത്തുമ്പോൾ വീണ്ടും ഉന്നത വിദ്യാഭ്യാസ രംഗം വഴിവിട്ട നിയമനങ്ങൾക്ക് ആക്കം കൂടും എന്നതാണ് ഏറ്റവും വലിയ ആശങ്ക. ആവശ്യത്തിന് കോളിഫിക്കേഷനും യോഗ്യതകളും ഉള്ളവരെ പിന്തള്ളിയുള്ള നിയമങ്ങൾ സാധാരണക്കാരന്റെ മക്കൾക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്.

പുനർനിയമനം ആഗ്രഹിക്കുന്ന വി.സി.മാർക്ക് നിയമ ലംഘനങ്ങൾ നിർവ്വഹിക്കാൻ പ്രോത്സാഹനം നൽകുന്ന ഒരു നിയമനം ആണിത്. ഈ വിഷയത്തിൽ ചാൻസലർ കൂടിയായ ഗവർണർ വേണ്ട വിധത്തിൽ ഇടപെടണമെന്നും തെറ്റായ നീക്കങ്ങൾ തടയാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് സേവ് എഡ്യൂക്കേഷൻ ഫോറം ആവശ്യപ്പെടുന്നു.