കരിപ്പൂർ വിമാനാപകടം: പൈലറ്റിന്‍റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

Karipur flight accident investigation report
 

കോഴിക്കോട്: കരിപ്പൂര്‍ വിമാനപകടം പൈലറ്റിന്റെ പിഴവ് മൂലമെന്ന് അന്വേഷണ റിപ്പോർട്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വിമാനം താഴെയിറക്കിയത് റൺവേയുടെ പകുതിയും കഴിഞ്ഞാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. റൺവേയിൽ നിന്ന് വിട്ട് വശങ്ങളിലേക്ക് വിമാനം തെന്നിമാറി. മുന്നറിയിപ്പുകൾ നൽകിയിട്ടും അമിത വേഗത്തിൽ മുൻപോട്ട് പോയി. ഇന്ധന ടാങ്കിൽ ചോർച്ചയുണ്ടായിയെന്നും റിപ്പോർട്ട് പറയുന്നു. പൈലറ്റിന് ഗോ എറൗണ്ട് നിർദ്ദേശം ഉണ്ടായിരുന്നിട്ടും അത് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

കരിപ്പൂർ വിമാന ദുരന്തം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് ലഭിച്ചെന്നും ഉടൻ പരസ്യപ്പെടുത്തുമെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റിപ്പോർട്ടിലെ ശുപാർശകൾ കാലതാമസമില്ലാതെ നടപ്പാക്കുമെന്നും സിന്ധ്യ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

2020 ആഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അപകടത്തിൽപ്പെട്ടത്. 21 പേര്‍ മരിച്ച ദുരന്തത്തില്‍ 96 പേര്‍ക്കായിരുന്നു സാരമായി പരിക്കേറ്റത്. 73 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ തൊഴിലിടങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായി ഊഴം കാത്തിരുന്ന ഒരു പറ്റം മനുഷ്യരെയുമായെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ടെര്‍മിനലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി റണ്‍വേയുടെ കിഴക്കുഭാഗത്ത് നിന്ന് താഴേക്ക് പതിച്ചത്. 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.