കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയ്ക്കും പങ്കെന്ന് കസ്റ്റംസ്

x

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയ്ക്കും പങ്കെന്ന് കസ്റ്റംസ്. അര്‍ജുന്റെ ഭാര്യ അമലയ്ക്ക് ഇതെപ്പറ്റി അറിവുണ്ടായിരുന്നെന്ന് കസ്റ്റംസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട്  അര്‍ജുന്റേയും ഷാഫിയുടേയും വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഡയറികള്‍ കണ്ടെത്തിയിരുന്നു. ഡയറികള്‍ തന്റേതല്ലെന്നും ഭാര്യ അമലയുടേതാണെന്നുമാണ് അര്‍ജുന്‍ കസ്റ്റംസിന് നല്‍കിയ മൊഴി.  

ഈ ഡയറിയില്‍ സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട ചില കണക്കുകളും വിവരങ്ങളും രേഖപ്പെടുത്തിയതായി കണ്ടെത്തിയതോടെയാണ് അമലയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നത്. നേരത്തെ നടത്തിയ ചോദ്യം ചെയ്യലില്‍ അര്‍ജുന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചോ സ്വര്‍ണക്കടത്തിനെ കുറിച്ചോ തനിക്ക് അറിവില്ലെന്നായിരുന്നു അമല മൊഴി നല്‍കിയത്.  അതേസമയം കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാന്‍ കസ്റ്റംസ് അമലയ്ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. തനിക്ക് കള്ളക്കടത്തിനെ കുറിച്ച് അറിവില്ലെന്നായിരുന്നു അമലയുടെ ആദ്യമൊഴി.