കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാക്കളായ 13 ബാങ്ക് ഭരണ സമിതി അംഗങ്ങളെ പ്രതി ചേർത്തു

  Karuvannur Bank
 

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ 13 ബാങ്ക് ഭരണ സമിതി അംഗങ്ങളെ കൂടി ക്രൈം ബ്രാഞ്ച് പ്രതി ചേർത്തു. സിപിഎം നേതാക്കളായ ഭരണ സമിതി അംഗങ്ങളെയാണ് പ്രതിപ്പട്ടികയിലുൾപ്പെടുത്തിയത്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 18 ആയി ഉയർന്നു. 

കേസിൽ നിലവിലെ 6 പ്രതികളിൽ 4 പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുട കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ടും നൽകി. കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായിരുന്നു . സൂപ്പർ മാർക്കറ്റ് മാനേജർ റെജിയാണ് അറസ്റ്റിലായത്.

കോടികളുടെ ക്രമക്കേട് നടന്ന കരുവന്നൂര്‍ ബാങ്കിന്റെ ആസ്തി ബാധ്യതകള്‍ തിട്ടപ്പെടുത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ള പണത്തിന്റെ കണക്കും സമിതി വിലയിരുത്തും. സഹകരണ രജിസ്ട്രാറിന്റെ മേല്‍നോട്ടത്തിലാകും മൂന്നംഗ സമിതി പ്രവര്‍ത്തിക്കുക. പിരിച്ചെടുക്കാനുള്ള കടം കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.