ചിറ്റാറില്‍ യുവാവിന് നേരെ കാട്ടാനയുടെ ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ

elephant

പത്തനംതിട്ട: ചിറ്റാറില്‍ യുവാവിനെ കാട്ടാന ആക്രമിച്ചു. റഫീഖ് എന്ന യുവാവിന് അക്രമത്തിൽ പരിക്കേറ്റു. വീടിനു സമീപം ഒറ്റയാനെ കണ്ട റഫീക്ക് തിരിഞ്ഞോടുന്നതിനിടെയാണ് അക്രമമുണ്ടായത്. പിന്നാലെ എത്തിയ ആന യുവാവിനെ തുമ്പിക്കൈകൊണ്ട് പിടിച്ചു കാട്ടിലേക്ക് എറിയുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. റഫീക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, സംഭവമറി‍ഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ, നാട്ടുകാര്‍ തടഞ്ഞുവച്ചു. വന്യജീവികളില്‍നിന്നു സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു തടഞ്ഞുവെച്ചത്. സൗരോര്‍ജ വേലി എത്രയും വേഗം സ്ഥാപിക്കാമെന്ന ഉറപ്പു ലഭിച്ചതോടെയാണു പ്രതിഷേധം അവസാനിപ്പിച്ചത്.

ചിറ്റാര്‍, സീതത്തോട് മേഖലകളില്‍ ഏതാനും നാളുകളായി വന്യജീവി ശല്യം പതിവാണ്. ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിക്കാറുണ്ടെങ്കിലും നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നു കര്‍ഷകര്‍ ആരോപിക്കുന്നു.