കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ആള്‍മാറാട്ട കേസ്: ക്രിമിനൽ കേസെടുത്ത് പോലീസ്; പ്രിന്‍സിപ്പല്‍ ഒന്നാം പ്രതി, എസ്എഫ്ഐ നേതാവ് രണ്ടാം പ്രതി

തിരുവനന്തപുരം: കൗണ്‍സിലർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ കോളജ് പ്രിൻസിപ്പൽ ജി.ജെ. ഷൈജുവിനേയും എസ്എഫ്ഐ നേതാവായിരുന്ന എ.വിശാഖിനേയും ഒന്നും രണ്ടും പ്രതികളാക്കി പോലീസ് കേസെടുത്തു. വഞ്ചന, ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്.
ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റിലാണ് ജി.ജെ ഷൈജുവിനെതിരെ നടപടിയെടുക്കാനും പൊലീസില്‍ പരാതി നല്‍കാനും സര്‍വകലാശാല തീരുമാനിച്ചത്. ജി.ജെ ഷൈജുവിനെ സര്‍വകലാശാല പുറത്താക്കുകയും ചെയ്തിരുന്നു. അടുത്ത ദിവസങ്ങളിൽ ഇരുവരേയും കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടി പോലീസ് സ്വീകരിക്കും. ആൾമാറാട്ട സംഭവത്തിൽ പ്രിൻസിപ്പലിനും എസ്എഫ്ഐ നേതാവിനുമെതിരേ ക്രിമിനൽ കേസെടുത്തു വിശദ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു കേരള സർവകലാശാല, സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതിയിലാണു നടപടി.
എസ്എഫ്ഐ നേതാവായിരുന്ന എ വിശാഖും പ്രിൻസിപ്പലായിരുന്ന ജി ജെ ഷൈജുവും ആസൂത്രിത നീക്കം നടത്തി മത്സരിച്ച് ജയിച്ച യുയുസിയുടെ പേര് വെട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിശാഖിന്റെ പേര് ചേർത്തുവെന്നായിരുന്നു പരാതി. സംഭവത്തിൽ അഞ്ച് ദിവസം മുമ്പ് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നൽകിയ പരാതിയിൽ ഇതുവരെ പൊലീസ് അനങ്ങിയിട്ടില്ലെങ്കിലും കേരള സർവകലാശാലയുടെ പരാതി പൊലീസിന് അവഗണിക്കാനായില്ല.
അതിനിടെ കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം എംഎല്‍എമാരായ ഐ ബി സതീഷ് സി പിഐഎം ജില്ല കമ്മിറ്റിക്കും ജീ സ്റ്റീഫന്‍, മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്. ഇരുവര്‍ക്കും ആള്‍മാറാട്ട വിവാദത്തില്‍ പങ്കുണ്ടെന്ന് നേരത്തേ അരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ, നേതാക്കള്‍ അറിയാതെ തെരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം നടക്കില്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും വിമര്‍ശനമുണ്ടായി. ഈ സാഹചര്യത്തിലാണ് ഇരു നേതാക്കളും വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.