സിൽവർ ലൈൻ മംഗളൂരു വരെ; കര്‍ണാടക മുഖ്യമന്ത്രിയുമായി നാളെ പിണറായി കൂടിക്കാഴ്ച നടത്തും

pinarayi vijayan
 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 9.30ന് ബെംഗളൂരുവിലാണ് കൂടിക്കാഴ്ച. സിൽവർ ലൈൻ പാത മംഗളൂരു വരെ നീട്ടുന്നത് ഉൾപ്പടെ ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ.


സിൽവർലൈൻ ഉൾപ്പടെ റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാൻ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ ഇരുസംസ്ഥാനങ്ങളും തമ്മില്‍ ധാരണയായിരുന്നു.  തലശ്ശേരി-മൈസൂരു-നിലമ്പൂർ നഞ്ചൻകോട് പാതകളുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയാകും. തുടര്‍ന്ന് ബാഗെപ്പള്ളിയില്‍ സിപിഎം സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും ബഹുജന റാലിയിലും പിണറായി പങ്കെടുക്കും.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള നിർദിഷ്ട പാത മംഗളൂരുവിലേക്ക് നീട്ടണം എന്നാണ് കേരളത്തിന്റെ ആവശ്യം. സിൽവർ ലൈനിന്റെ സാങ്കേതിക വിവരങ്ങൾ കർണാടക ചോദിച്ചിട്ടുണ്ട്. ബെംഗളൂരുവിലൽ ഈ മാസം അവസാനം നടക്കുന്ന ചർച്ചക്ക് മുൻപ് അവ കൈമാറണം.
 

കേന്ദ്രം അനുമതി നല്‍കിയാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്‍റെ നിലപാട്. ഈ സാഹചര്യത്തിലാണ് മംഗലാപുരം കണക്ടിവിറ്റിയെന്ന പുതിയ ആശയം മുന്നോട്ടുവെച്ച് ബിജെപി ഭരിക്കുന്ന കര്‍ണാടകയുടെ പിന്തുണ കൂടി സംസ്ഥാനം തേടുന്നത്. 

അമിത്ഷാ നേതൃത്വം നൽകിയ  യോഗത്തിൽ അജണ്ടയായി വെച്ചിരുന്നെങ്കിലും, കർണാടക - കേരള മുഖ്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തിയ ശേഷം മുന്നോട്ടു പോകാമെന്ന് ധാരണയിലെത്തി അജണ്ടയിൽ നിന്ന് മാറ്റി.  ഡിപിആർ ഉൾപ്പടെ സാങ്കേതിക വിവരങ്ങൾ കേരളം കർണാടകക്ക് കൈമാറും. കർണാടയകയുടെ നിലപാട് ഇനി നിർണായകമാകും. അനുകൂലമായാൽ കേന്ദ്ര താൽപര്യം കൂടി പദ്ധതിക്ക് വരുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.  തലശേരി-മൈസുരു, നിലമ്പൂർ - നഞ്ചൻഗോഡ് റെയിൽപാതകളുടെ കാര്യത്തിലും ചർച്ച നടക്കും.