'അസോസിയേറ്റ് പ്രെഫസർ പദവി കുട്ടിക്കളിയല്ല'; പ്രിയ വർഗീസിന്‍റെ നിയമനത്തിൽ ഹൈക്കോടതി

priya varghes
 

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചത് ഏതൊക്കെ യോഗ്യതാ രേഖകള്‍ വിലയിരുത്തിയാണെന്ന് ഹൈക്കോടതി. അസോസിയേറ്റ് പ്രൊഫസര്‍ എന്ന പദവി കുട്ടിക്കളി അല്ലെന്നും എല്ലാ നിയമനത്തിലും സുതാര്യത വേണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.  പ്രിയാ വർഗീസിന്റെ യോഗ്യത പരിശോധിച്ചോ എന്നും ഹൈക്കോടതി ചോദിച്ചു.

പ്രിയാ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ വിശദമായ വാദത്തിനിടെയായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പ്രിയാ വർഗീസിന്റെ അധ്യാപന പരിചയം പരിശോധിച്ചതിൽ വ്യക്തതയില്ലെന്ന് കണ്ണൂർ രജിസ്ട്രാർക്കും കോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശനമുണ്ടായി.

റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസർ ജോസഫ് സ്കറിയ നൽകിയ ഹർജിയിലായിരുന്നു  കോടതി പരാമർശം. മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ നിയമിച്ചതെന്നാണ് സർവകലാശാലയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ ഏറ്റവും മികച്ച ആളാകണം അധ്യാപകരാകേണ്ടതെന്നും ഏത് തലത്തിലുള്ള നിയമനമാണെങ്കിലും യോഗ്യതയിൽ വിട്ടുവീഴ്ച പാടില്ലെന്നും കോടതി വ്യക്തമാക്കി. 

പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് മതിയായ യോഗ്യതയില്ലെന്നായിരുന്നു യു ജി സി യും കോടതിയെ അറിയിച്ചത്. ഹർ‍ജിയിൽ നാളെയും ഹൈക്കോടതി വാദം കേൾക്കും.

റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസർ ജോസഫ് സ്കറിയയാണ് ഹര്‍ജി നൽകിയത്.  പ്രിയാ വർഗീസിന് അഞ്ചു വർഷത്തിൽ താഴെ അധ്യാപന പരിചയം മാത്രമേ ഉള്ളൂ. ഡോക്ടറേറ്റ് എടുത്ത ശേഷമുള്ള അധ്യപനപരിചയം മാത്രമേ കണക്കാക്കാൻ സാധിക്കൂ. അങ്ങനെയെങ്കിൽ പത്ത് വർഷത്തെ അധ്യാപന പരിചയം ഇല്ലാത്ത പ്രിയാവർഗീസിനെ എങ്ങനെ സർവകലാശാല നിയമിച്ചു എന്ന ചോദ്യം ഹർജിക്കാരന്റെ ഭാഗത്തുനിന്നും ഉണ്ടായി.