സംസ്ഥാനത്ത് കരുതല്‍ ഡോസ് വാക്‌സിനേഷന്‍ തിങ്കളാഴ്ച; ഓൺലൈനായും നേരിട്ടും ബുക്കിങ്

vaccine
 

തിരുവനന്തപുരം: സംസ്ഥാനത്തെ കരുതല്‍ ഡോസ് (Precaution Dose) കോവിഡ് വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. 

5.55 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍, 5.71 ലക്ഷം കോവിഡ് മുന്നണി പോരാളികള്‍ എന്നിവരാണുള്ളത്. 18 വയസിന് മുകളില്‍ പ്രായമായവരുടെ വാക്സിനേഷന്‍ കേന്ദ്രത്തിലാണ് കരുതല്‍ ഡോസ് വാക്‌സിനെടുക്കുന്നത്. 

18 വയസ്സിനു മുകളില്‍ പ്രായമായവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിലാണ് കരുതല്‍ ഡോസ് എടുക്കുക. രണ്ടാം ഡോസ് എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. അനുബന്ധ രോഗമുള്ള 60 വയസ്സ് കഴിഞ്ഞവര്‍ ഡോക്ടറുടെ അഭിപ്രായം ആരാഞ്ഞശേഷം കരുതല്‍ ഡോസ് സ്വീകരിക്കണം.

 
മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നീല നിറത്തിലുള്ള ബോര്‍ഡാണ് ഉണ്ടാകുക. ഈ ബോര്‍ഡുകള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, റജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും. നേരത്തേ രണ്ടു ഡോസ് എടുത്ത അതേ വാക്‌സീന്‍ സ്വീകരിക്കണം. നേരിട്ടും ഓണ്‍ലൈന്‍ ബുക്കിങ് വഴിയും വാക്‌സീനെടുക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വരുന്നതായിരിക്കും നല്ലതെന്നും മന്ത്രി അറിയിച്ചു.