കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയായി ലഭിക്കുക 780 കോടി രൂപ

k n balagopal
 

ന്യൂഡല്‍ഹി:  ജി എസ് ടി ട്രൈബ്യൂണലിൽ കേരളത്തിന് തരാനുള്ള കുടിശ്ശിക തരാൻ തീരുമാനമായെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജി എസ് ടി ട്രൈബ്യൂണലിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് കേരള ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന് കിട്ടാനുള്ള ജി എസ് ടി നഷ്ട പരിഹാര കുടിശ്ശിക തരാൻ കേന്ദ്രം തീരുമാനിച്ചു എന്നും ഒരാഴ്ചക്കുള്ളിൽ ഇത് ലഭ്യമാകുമെന്നുമാണ് ബാലഗോപാൽ പറഞ്ഞത്. 

സാങ്കേതികപരമായി ഉദ്യോഗസ്ഥർ നൽകേണ്ട രേഖകൾ കൊടുക്കുമെന്നും അത് നടപടിക്രമം അനുസരിച്ച് നടക്കുമെന്നും ധനമന്ത്രി വിശദീകരിച്ചു. സി ആൻഡ് എ ജി കേന്ദ്ര ഗവൺമെന്‍റ് ഉദ്യോഗസ്ഥരാണെന്നും നടപടിക്രമം അനുസരിച്ച് അവരുടെ പ്രവർത്തികൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ബാക്കിയുള്ള തുക പൂര്‍ണ്ണമായും ഇന്ന് തന്നെ അനുവദിക്കുമെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. ഇതിനായി 16,982 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ കേരളത്തിന് അര്‍ഹതപ്പെട്ട വിഹിതമായ 780 കോടി രൂപയാണ് ലഭിക്കുക.

2017 ജിഎസ്ടി ആരംഭിച്ചത് മുതല്‍ 2022 ജൂണ്‍ വരെയുള്ള ജിഎസ്ടിയിലെ നഷ്ടപരിഹാരത്തിന് കുടിശ്ശികയായി ബാക്കിയുണ്ടായിരുന്ന തുകയാണ്‌ കേന്ദ്രം ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഇതോടെ ജിഎസ്ടി ധാരണ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പൂര്‍ണ്ണമായും തീര്‍പ്പാക്കിയതായി ധനമന്ത്രി അറിയിച്ചു.