കൊച്ചിയിൽ പെയ്ത മഴയിൽ ആസിഡ് സാന്നിധ്യം; നഗരത്തിൽ പലയിടത്തും വെള്ളപ്പത

kochi acid rain facebook post
 

കൊച്ചി: കൊച്ചിയിൽ പെയ്ത മഴയിൽ ആസിഡ് സാന്നിധ്യം. മഴയിൽ അമ്ലത്തിന്‍റെ സാന്നിധ്യമുണ്ടെന്ന് പല ശാസ്ത്രവിദഗ്ദ്ധരും വ്യക്തമാക്കി. മഴയ്ക്ക് പിന്നാലെ നഗരത്തിലെങ്ങും വെള്ളപ്പത പ്രത്യക്ഷപ്പെട്ടു.

മഴയിൽ അമ്ലത്തിന്‍റെ സാന്നിധ്യമെന്ന് ശാസ്ത്ര ചിന്തകൻ ആയ രാജഗോപാൽ കമ്മത്ത് വ്യക്തമാക്കി. ലിറ്റ്മസ് ടെസ്റ്റ്‌ നടത്തിയ ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 

ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യമഴയിൽ രാസ പദാർത്ഥങ്ങളുടെ അളവ് കൂടുതൽ ആയിരിക്കുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിയിരുന്നു.

അല്പ സമയം മുൻപാണ് കൊച്ചിയെ തണുപ്പിച്ച് മഴ പെയ്തത്. കടുത്ത ചൂടിൽ നിന്നുള്ള ആശ്വാസത്തിനൊപ്പം ആസിഡ് മഴയുടെ ആശങ്കയും ആളുകൾ പങ്കുവെക്കുന്നു.

അതേസമയം അഗ്നിബാധയുണ്ടായ ബ്രഹ്മപുരത്തും നല്ല രീതിയിൽ മഴ ലഭിച്ചത് അവിടെ ക്യാംപ് ചെയ്യുന്ന അഗ്നിരക്ഷാസേന അംഗങ്ങൾക്ക് ആശ്വാസമായി. നല്ല രീതിയിൽ ലഭിച്ച മഴ മറ്റൊരു അഗ്നിബാധയ്ക്കുള്ള സാധ്യത ഇല്ലാതാക്കുമെന്നതാണ്  അവരുടെ പ്രതീക്ഷ. മലപ്പുറം മുതൽ തെക്കോട്ടുള്ള വിവിധ ജില്ലകളിൽ ഇന്ന് മഴ ലഭിച്ചു. മലയോര മേഖലയിൽ തുടങ്ങിയ മഴ പിന്നീട് കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു. കൊല്ലം , വയനാട് ജില്ലകളിലും ഇന്നലെ നല്ല രീതിയിൽ വേനൽ മഴ ലഭിച്ചിരുന്നു.