രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച് കൊച്ചി സിറ്റി പോലീസ്

kochi police blood camp
കൊച്ചി: കോവിഡ് മൂലം പ്രതിസന്ധിയിലായ രക്തദാന ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ച് കൊച്ചി സിറ്റി പോലീസ്. ഐ.എം.എയും ബ്ളഡ് ഡൊണേഷന്‍ ഫോറവുമായി സഹകരിച്ചാണ് പോലീസ് രക്തദാന ക്യാമ്പ്  സംഘടിപ്പിച്ചത്. സ്കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക്  പ്രത്യേക ബോധവല്‍ക്കരണ ക്ളാസ് നല്‍കാനും കൊച്ചി സിറ്റി പോലീസ് പദ്ധതിയൊരുക്കി.

അടിയന്തരസാഹചര്യങ്ങളില്‍ പോലുമുള്ള രക്തദാനത്തിന് കഴിഞ്ഞ ഒന്നരവര്‍ഷക്കാലം കോവിഡ് ഉയര്‍ത്തിയ വെല്ലുവിളി ചില്ലറയല്ല. ഈ വെല്ലുവിളി മറികടന്ന് രക്തദാനം സജീവമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കൊച്ചി സിറ്റി പോലീസ് ക്യാമ്പ് സംഘടിപ്പിച്ചത്. 

സ്കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകള്‍ വരുംദിവസങ്ങളില്‍ കര്‍ക്കശമാക്കും. കോവിഡ് പശ്ചാത്തലത്തില്‍ സ്കൂളുകളിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കുന്ന വാഹനങ്ങളില ഡ്രൈവര്‍മാര്‍ കൂടുതല്‍ കരുതലെടുക്കേണ്ടതുണ്ട്. 

ഈ സാഹചര്യത്തിലാണ് ഇവര്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസ്  നടപ്പാക്കുക. വിദ്യാര്‍ഥികളിലേക്ക് കൂടി അവബോധം എത്തിക്കുകയെന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ്  കൊച്ചി പോലീസ് പരിപാടി സംഘടിപ്പിക്കുക.