മാലിന്യ സംസ്‌കരണത്തിനായി കൊച്ചി കോര്‍പറേഷന്‍ മുടക്കിയ തുകയുടെ വിശദ വിവരങ്ങള്‍ നല്‍കണം: ഹൈക്കോടതി

high court
 

കൊച്ചി: മാലിന്യ സംസ്‌കരണത്തിനായി കൊച്ചി കോര്‍പറേഷന്‍ മുടക്കിയ തുകയുടെ വിശദമായ വിവരങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി. ബ്രഹ്‌മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴ് വര്‍ഷത്തെ കരാര്‍ രേഖകകളും കോര്‍പറേഷനോട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ഉള്‍പ്പെട്ട സമിതി ബ്രഹ്‌മപുരത്ത് സന്ദര്‍ശനം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിനോടൊപ്പം ഉണ്ടായിരുന്ന ചിത്രങ്ങള്‍ പരിശോധിച്ചതിന് ശേഷം മലിനീകരണ നിയന്ത്രണ ബോര്‍ഡിനെതിരേ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടുവെന്നും കോടതി പറഞ്ഞു. 

ബ്രഹ്‌മപുരം എന്ന പേര് തന്നെ അക്ഷാരാര്‍ത്ഥത്തില്‍ മാറ്റി എഴുതപ്പെട്ടു. കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നേരിട്ട് നിരീക്ഷിക്കണമെന്നും കോടതി പറഞ്ഞു.

പ്ലാന്റ് നടത്തിപ്പുകാര്‍ക്കെതിരേ എന്ത് നടപടി സ്വീകരിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് കോടതി ചോദിച്ചു. നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കൊച്ചി കോര്‍പറേഷന് അടക്കം പിഴ ചുമത്തുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ പിഴ തുക വാങ്ങി ബാങ്കിലിട്ടാല്‍ ഇപ്പോള്‍ വിഷപ്പുക ശ്വസിച്ചതിന് പകരമാകുമോയെന്നും കോടതി ചോദിച്ചു.