'ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചി'; വിമര്‍ശനവുമായി ഹൈക്കോടതി

highcourt

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടുത്തത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കൊച്ചി ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണെന്ന് നിരീക്ഷിച്ച കോടതി, കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് പറഞ്ഞു. 

ജസ്റ്റിസുമാരായ എസ്‌വി ഭട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചത്. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരാജയപ്പെട്ടുവെന്നും കൊച്ചിയിലെ കടവന്ത്ര, കലൂര്‍, വൈറ്റില അടക്കമുള്ള പ്രദേശങ്ങളില്‍ ഇന്ന് രാവിലെയും കനത്ത വിഷപുകയുണ്ടായെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, ബോര്‍ഡ് ചെയര്‍മാന്‍, ജില്ലാ കളക്ടര്‍, കോര്‍പറേഷന്‍ സെക്രട്ടറി എന്നിവര്‍ ഇന്ന് ഉച്ചയ്ക്ക് 1.45ന് ഹാജരാകണമെന്നും കോടതി നിര്‍ദേശം നല്‍കി.

കഴിഞ്ഞദിവസം വിഷയത്തില്‍ കോടതി ഇടപെടണമെന്ന് കാണിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു. കേസ് പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.