'കോർപ്പറേഷന്‍റെ വാദം കേട്ടില്ല, 100 കോടി പിഴയിട്ടത് നഷ്ടം കണക്കാക്കാതെ'; ഹരിത ട്രൈബ്യൂണൽ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് മേയർ

'കോർപ്പറേഷന്‍റെ വാദം കേട്ടില്ല, 100 കോടി പിഴയിട്ടത് നഷ്ടം കണക്കാക്കാതെ';  ഹരിത ട്രൈബ്യൂണൽ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് മേയർ
 

കൊച്ചി: ബ്രഹ്മപുരം തീപ്പിടിത്തത്തില്‍ 100 കോടി പിഴ ചുമത്തിയ ഹരിത ട്രിബ്യൂണല്‍ വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി കൊച്ചി കോര്‍പ്പറേഷന്‍. കോര്‍പ്പറേഷന്റെ ഭാഗം കേൾക്കാതെയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കിയതെന്നും നഷ്ടം കണക്കാക്കാതെയാണ് 100 കോടി രൂപ പിഴ വിധിച്ചതെന്നും കൊച്ചി മേയര്‍ എം. അനിൽ കുമാർ കുറ്റപ്പെടുത്തി.

വിധി നടപ്പാക്കേണ്ടി വന്നാല്‍ കോര്‍പ്പറേഷന് വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുമെന്ന്‌ കൊച്ചി മേയര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഹൈക്കോടതിയിൽ കേസ് നിൽക്കുന്നത് പോലും ദേശീയ ഹരിത ട്രൈബ്യൂണല്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.


തീ പിടുത്തത്തില്‍ നഷ്ടം എത്രയാണ് എന്ന് കണക്കാക്കാതെ, എങ്ങിനെ 100 കോടി പിഴ നിശ്ചയിച്ചു എന്നായിരുന്നു കൊച്ചി മേയറുടെ ചോദ്യം. യുഡിഎഫ് കോർപ്പറേഷൻ ഭരിച്ച 2018ൽ ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ വിധിച്ചിരുന്നു. ഹൈക്കോടതിയിൽ പോയി അവർ സ്റ്റേ വാങ്ങുകയായിരുന്നു. കാലങ്ങളായി തുടരുന്ന സിസ്റ്റത്തിന്റെ വീഴ്ചയാണ് ബ്രഹ്മപുരത്തിന്റെ പരാജയം. ഇപ്പോൾ സംഭവിച്ച വീഴ്ചയല്ലെന്നും മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
 

'നിയമവിദഗ്ധരുമായി ആലോചിച്ച് വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കും. നീതി കിട്ടണമെന്നുള്ളതു കൊണ്ടാണ് സ്റ്റേയ്ക്കു പോകുന്നത്. ട്രിബ്യൂണല്‍ ഉന്നയിച്ച ചില പ്രധാനപ്പെട്ട കാര്യങ്ങളെ ഗൗരവമായി കാണുന്നു. പരിസ്ഥിതിയ്ക്കു സംഭവിച്ച ആഘാതത്തെക്കുറിച്ച് തീര്‍ച്ചയായും കൊച്ചി നഗരസഭ പഠിക്കുക തന്നെ ചെയ്യും' മേയര്‍ വ്യക്തമാക്കി.