കൊടകര കുഴല്‍പ്പണക്കേസ്: കെ സുരേന്ദ്രന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

k surendran

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഒന്നരമണിക്കൂര്‍ നേരം നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സുരേന്ദ്രനെ ബിജെപി പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു. അതേസമയം, ഉത്തരവാദിത്വമുള്ള പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്നും വിചിത്രമായ അന്വേഷണമാണ് നടക്കുന്നതെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. 

കവര്‍ച്ചക്കേസിലെ പരാതിക്കാരനായ ധര്‍മരാജനും കെ സുരേന്ദ്രനും തമ്മില്‍ ഫോണില്‍ സംസാരിച്ചു എന്ന നിഗമനത്തിലാണ് സുരേന്ദ്രനെ പൊലീസ് വിളിപ്പിച്ചത്. മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണം കവര്‍ന്ന ദിവസം പുലര്‍ച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധര്‍മരാജന്‍ വിളിച്ചിരുന്നു. ഇതു കൂടാതെ കോന്നിയില്‍ കെ സുരേന്ദ്രനും ധര്‍മ്മരാജനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. നേരത്തെ ജൂലൈ 6ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുരേന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. ആദ്യം ഹാജരാകില്ലെന്ന് നിലപാട് എടുത്തെങ്കിലും പിന്നീട് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സുരേന്ദ്രന്‍ തന്നെ അറിയിക്കുകയായിരുന്നു.