കൊടിക്കുന്നിലും പി.ടി. തോമസും ടി. സിദ്ധിക്കും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍

kpcc

ന്യൂഡല്‍ഹി: കെപിസിസി വർക്കിം​ഗ് പ്രസിഡന്റുമാരായി മൂന്ന് പേരെ നിയോ​ഗിച്ചെന്ന് കോൺ​ഗ്രസ്. കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് എന്നിവരാണ് പുതിയ വർക്കിം​ഗ് പ്രസിഡന്റുമാർ. കെ വി തോമസിനെ വർക്കിം​ഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരി​ഗണിക്കുന്നതായി സൂചനയുണ്ടായിരുന്നെങ്കിലും അന്തിമ പട്ടികയിൽ അദ്ദേഹം ഇടം നേടിയില്ല. 

കെ. സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിച്ചതിനു പിന്നാലെയാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെയും ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. 

സമുദായ സമവാക്യങ്ങള്‍ പാലിച്ചുകൊണ്ടാണ് വര്‍ക്കിങ് പ്രസിഡന്റുമാരുടെ നിയമനം. നേരത്തെ വര്‍ക്കിങ് പ്രസിഡന്റായിരുന്ന കെ.വി. തോമസിനെ ഒഴിവാക്കിയിട്ടുണ്ട്. അദ്ദേഹത്തെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നാണ് സൂചന. 

പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിച്ചുകൊണ്ട് കെപിസിസിയുടെ തലപ്പത്ത് വലിയ അഴിച്ചുപണിയാണ് ഹൈക്കമാന്‍ഡ് നടത്തിയിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ ശക്തനായൊരു നേതാവ് വേണമെന്നും, അതിന് ഏറ്റവും അനുയോജ്യന്‍ കെ സുധാകരനാണെന്നുമുള്ള അണികളുടെ പൊതുവികാരം ഹൈക്കമാന്‍ഡ് ചെവിക്കൊള്ളുകയായിരുന്നു. സുധാകരനെ പ്രസിഡന്‍റായി നിയമിക്കാനുള്ള തീരുമാനത്തിലേക്ക് ഇന്നലെ വൈകിട്ടോടെ തന്നെ ഹൈക്കമാന്‍ഡ് എത്തിയിരുന്നു. രാഹുല്‍ ഗാന്ധി സുധാകരനെ ടെലഫോണില്‍ വിളിച്ച്  തീരുമാനം ഔദ്യോഗികമായി അറിയിച്ചു. ഉത്തരവാദിത്വത്തോടെ പുതിയ സ്ഥാനം ഏറ്റെടുക്കുന്നുവെന്നും, പാര്‍ട്ടിയെ തിരികെകൊണ്ടുവരാനുള്ള ദൗത്യം സത്യസന്ധമായി നിര്‍വഹിക്കുമെന്നും സുധാകരന്‍ പറഞ്ഞു.