അഞ്ച് കൊല്ലം പിന്നിട്ട സർക്കാരിനെയാണ് 9 മാസം പ്രായമായതിനോട്‌ താരതമ്യം ചെയ്യുന്നത്; സിപിഐഎം സമ്മേളനങ്ങളിലെ വിമര്‍ശനത്തെ പ്രതിരോധിച്ച് കോടിയേരി

kodiyeri balakrishnan
 

തിരുവനന്തപുരം: കേരള പൊലീസിൽ ആർഎസ്എസ് സ്വാധീനമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ എല്ലാ രാഷ്ട്രീയക്കാരുണ്ടെന്നും പൊലീസിലെ പ്രശ്‌നങ്ങൾ എല്ലാ കാലത്തും ഉള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.  

അതേസമയം സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മന്ത്രിമാർക്കും വിവിധ വകുപ്പുകൾക്കുമെതിരെ ഉയർന്ന വിമർശനങ്ങളെ കോടിയേരി ബാലകൃഷ്ണൻ പ്രതിരോധിച്ചു. സർക്കാരിന് വേഗം പോരെന്ന് തുടങ്ങുന്ന നിരവധി വിമർശനങ്ങൾക്കാണ് അദ്ദേഹം മറുപടി നൽകിയത്. 5 കൊല്ലം പിന്നിട്ട സർക്കാരിനോടാണ് 9 മാസം പ്രായമായതിനെ താരതമ്യം ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

സർക്കാരിന് സാവകാശം നൽകണമെന്നും കഴിഞ്ഞ സർക്കാരിലും മന്ത്രിമാർ ഏറെ കുറെ പുതുമുഖങ്ങളായിരുന്നെന്നും കോടിയേരി പറഞ്ഞു. വിമർശനങ്ങൾ അതത് വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തും. ജനകീയ പ്രശ്‌നങ്ങളിൽ പൊലീസ് സ്റ്റേഷനിൽ പോകാൻ തടസമില്ല. അതിന് ആരും തടയില്ല. മാഫിയകൾക്ക് വേണ്ടി ഒരിക്കലും ഇടപെടരുത്.കോടിയേരി കൂട്ടിച്ചേർത്തു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പൊലീസിനെ നിയന്ത്രിച്ചയാള്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. എംവി ജയരാജന്‍ ഒരിക്കലും പൊലീസിന്റെ കാര്യത്തില്‍ ഇടപെട്ടിട്ടില്ല. എം വി ജയരാജന്‍ ജനീകയനായതിനാല്‍ അടുപ്പം തോന്നുന്നതാണെന്നും കോടിയേരി മറുപടി നല്‍കി. അതേസമയം ആരോഗ്യ തദ്ദേശ വകുപ്പുകള്‍ക്കെതിരായ സിപിഐഎം സമ്മേളന വിമര്‍ശനം കോടിയേരി ബാലകൃഷ്ണന്‍ തള്ളിക്കളഞ്ഞില്ല. വിമര്‍ശനം വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കോടിയേരി വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ വനിതകളെ സ്ഥാനാര്‍ത്ഥികളാക്കാന്‍ പാര്‍ട്ടി ഇപ്പോഴും വിമുഖത കാണിക്കുന്നുവെന്ന് ആരോപണമുയര്‍ന്നു. വനിതാ സംവരണത്തിന് വേണ്ടി വാദിക്കുമ്പോഴും വനിതകളെ തഴയുന്ന സമീപനമാണ് പാര്‍ട്ടി നേതൃത്വം സ്വീകരിക്കുന്നതെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. അതിനിടെ മന്ത്രിമാരുടെ ഓഫീസുകള്‍ നിര്‍ജീവമെന്ന് വട്ടിയൂര്‍ക്കാവ് എംഎഎല്‍എ വി കെ പ്രശാന്ത് ആരോപണമുയര്‍ത്തി. ഒന്നാം പിണറായി സര്‍ക്കാരിന്റെ വേഗം ഇപ്പോഴില്ലെന്നും എംഎല്‍എ കുറ്റപ്പെടുത്തി.