വാട്സാപ്പിൽ മോശമായി സംസാരിച്ചെന്ന് ആരോപണം; കൊല്ലത്ത് യുവാവിനെ വിളിച്ചുവരുത്തി കാലുപിടിപ്പിച്ചു, ക്രൂരമായി മര്‍ദ്ദിച്ചു

kollam 19 year old youth brutally attacked
 


കൊല്ലം: കൊല്ലത്ത് വാട്സാപ്പ് ഗ്രൂപ്പിൽ മോശമായി സംസാരിച്ചു എന്നാരോപിച്ച് യുവാവിന് ക്രൂരമർദ്ദനം. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്തെ പത്തൊമ്പതുകാരനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പിടികിട്ടാപ്പുള്ളിയും കൊല്ലം പൂയപ്പള്ളി സ്വദേശിയുമായ രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ വള്ളികുന്നം സ്വദേശിയായ അച്ചു എന്ന 19 വയസ്സുകാരനെ കൊറിയർ നൽകാനെന്നപേരിൽ ഈ മാസം ഒന്നാം തിയ്യതി കരുനാഗപ്പള്ളിയിൽ വിളിച്ചുവരുത്തി ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ടുപോയി കത്തി കാട്ടി ഭീഷണിപ്പെടുത്തി മൃഗീയമായി മർദിച്ചശേഷം മർദനദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. 

ദൃശ്യങ്ങൾ കേരള പൊലീസിന്റെ സോഷ്യൽമീഡിയ മോണിറ്ററിംഗ് സെല്ലിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് ആസ്ഥാനത്തു നിന്ന് കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് അയക്കുകയായിരുന്നു.


പ്രതിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. രണ്ടുപേരും രണ്ടു സ്ഥലത്ത് നിന്നുള്ളവരായിരുന്നു. സംഭവം നടന്നത് മാത്രമായിരുന്നു കരുനാഗപ്പള്ളിയിൽ. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ രാഹുലിനെ തെന്മലയിൽ നിന്ന് പിടികൂടുകയായിരുന്നു.

ബലാത്സംഗം, പിടിച്ചു പറി അടക്കം ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയാണ് രാഹുൽ. പിടികിട്ടാപ്പുള്ളിയായി ഇയാളെ നേരത്തെ പോലീസ് പ്രഖ്യാപിച്ചിരുന്നു.