കോതമംഗലത്ത് സ്‌കൂളിൽ കഞ്ചാവ് പിടികൂടിയ കേസ്; സെക്യൂരിറ്റി ജീവനക്കാരൻ കീഴടങ്ങി

 കോതമംഗലത്ത് സ്‌കൂളിൽ കഞ്ചാവ് പിടികൂടിയ കേസ്; സെക്യൂരിറ്റി ജീവനക്കാരൻ കീഴടങ്ങി
 

കൊച്ചി : കോതമംഗലത്തെ സ്വകാര്യ സ്കൂളിൽ നിന്നും കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി സെക്യൂരിറ്റി ജീവനക്കാരനായ സാജു കോടതിയിൽ കീഴടങ്ങി. കോതമംഗലം കോടതിയിലാണ് സാജു കീഴടങ്ങിയത്. ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചു. 

നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. കേസിലെ ഒമ്പതാം പ്രതി ഒളിവിലായിരുന്ന കോതമംഗലം സ്വദേശി ഗോകുലിനെയും എക്സൈസ് അറസ്റ്റ് ചെയ്തു. 
 
കഴിഞ്ഞ ശനിയാഴ്ചയാണ് സ്‌കൂളിൽ സെക്യൂരിറ്റി ജീവനക്കാരന്റെ ഓഫീസിൽ കഞ്ചാവ് കണ്ടെത്തിയത്. സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാടുകൾ തടയാനുള്ള പരിശോധനയ്ക്കിടയിലാണ് നെല്ലിക്കുഴിയിലെ സ്വകാര്യ പബ്ലിക്ക് സ്‌കൂൾ സെക്യൂരിറ്റി തന്നെ കഞ്ചാവ് വിൽപ്പന നടത്തുന്നതായി കഴിഞ്ഞ ദിവസം വിവരം ലഭിച്ചത്. ഇതോടെ രാത്രിയോടെ പരിശോധനയ്ക്ക് വേണ്ടി എക്‌സൈസ് സംഘം സ്‌കൂൾ കോമ്പൗണ്ടിൽ എത്തി. 

നിരവധി പേർ ഈ സമയത്ത് ക‌ഞ്ചാവ് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇവരെ കസ്റ്റഡിയിലെടുത്തപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരന്‍റെ മുറി കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് ഇടപാടെന്നത് വ്യക്തമായത്. എന്നാൽ സംഘമെത്തുമ്പോഴേക്കും സെക്യൂരിറ്റി ജീവനക്കാരൻ സാജു രക്ഷപ്പെട്ടു.  നെല്ലിക്കുഴി സ്വദേശി യാസീനാണ് സ്കൂളിലെ ക‌ഞ്ചാവ് ഇടപാടിന്‍റെ മുഖ്യ ഇടനിലക്കാരനെന്നാണ് വിവരം.