കോവളത്ത് വിദേശ പൗരനെ അപമാനിച്ച സംഭവം;മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു

k
തിരുവനന്തപുരം: കോവളത്ത് വിദേശ പൗരനെ അപമാനിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ എസ്ഐ അനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ മനീഷ്, സജിത് എന്നിവർക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടതിന് പിന്നാലെ കോവളം ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തിരുന്നു. 

കോവളത്തിനടുത്ത് വെള്ളാറിൽ ഹോംസ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫൻ ബിവറേജസിൽ നിന്നും മദ്യം വാങ്ങിവരുമ്പോഴാണ് പൊലീസ് തടഞ്ഞത്. ബിൽ ചോദിച്ച് തടഞ്ഞതിനാൽ സ്റ്റീവൻ മദ്യം ഒഴുക്കിക്കളഞ്ഞത് ദേശീയ തലത്തിൽ ചർച്ചയായി. ഇതോടെയാണ് വിദേശിയെ തടഞ്ഞ കോവളം ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെൻഡ് ചെയ്തത്. സംഘത്തിലുണ്ടായിരുന്നവർക്കെതിരെയു നടപടി ഉണ്ടാകും. 

അതേസമയം കോവളത്ത് വിദേശിയുടെ മദ്യം ഒഴിച്ചുകളഞ്ഞ സംഭവം ദൗർഭാഗ്യകരമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം മേഖലയെ തകർക്കുന്ന നടപടികൾ അഗീകരിക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. നടപടി സർക്കാർ നിലപാടിന് വിരുദ്ധമായാണോ നടന്നതെന്ന് പരിശോധിക്കും. അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.