സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞു; രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

pinarayi vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ സ്വീകരിക്കുന്നതിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിലും വലിയ വിമുഖത പൊതുവെ കണ്ടുവരുന്നുണ്ട്. മിക്ക യൂറോപ്യന്‍ രാജ്യങ്ങിളും കോവിഡ് തരംഗം പുനരാരംഭിച്ചത് ഗൗരവപൂര്‍വ്വം കാണണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഭൂരിഭാഗം രാജ്യങ്ങളും വാക്‌സിനേഷൻ്റെ 60 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഡെല്‍റ്റ വൈറസിനെ നേരിടാന്‍ 80% ആളുകളെങ്കിലും നിശ്ചിത സമയത്ത് തന്നെ രണ്ടാം ഡോസ് വാക്‌സിനേഷനും എടുക്കേണ്ടതുണ്ട്. കേരളത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 95.74% പേരാണ് സ്വീകരിച്ചത്. 60.46.48 % ആളുകള്‍ മാത്രമാണ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം പ്രതിദിന കോവിഡ് ടെസ്റ്റുകള്‍ കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേരളമുള്‍പ്പെടെയുള്ള 13 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു. നാഗാലാന്റ്, സിക്കിം, മഹാരാഷ്ട്ര, കേരളം, ഗോവ, മണിപ്പൂര്‍, മേഘാലയ, മിസോറാം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചത്.

കോവിഡ് പരിശോധന കൃത്യമായി നടക്കാത്തതിനാല്‍ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവരുന്നില്ലെന്ന് കത്തില്‍ പറയുന്നു. കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായിട്ടം യൂറോപിലടക്കം കോവിഡ് കേസുകള്‍ നവംബര്‍ മാസത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.