×

750 കോടിയുടെ കറൻസി കൊണ്ടുപോകും വഴി സുരക്ഷാവീഴ്ച: അസി.സിറ്റി കമ്മീഷണർക്ക് സസ്പെൻഷൻ

google news
Sb

കോഴിക്കോട്: സിറ്റി ഡി.സി.ആർ.ബി. അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി.പി. ശ്രീജിത്തിനെ സസ്പെൻഡ്‌ ചെയ്തു. യൂണിയൻ ബാങ്കിന്റെ കോഴിക്കോട് മാങ്കാവ് കറൻസി ചെസ്റ്റിൽനിന്ന്‌ ഹൈദരാബാദിലെ നരായൺഗുഡ കറൻസി ചെസ്റ്റിലേക്ക് 750 കോടി രൂപ കൊണ്ടുപോകുന്നതിന്റെ സുരക്ഷാച്ചുമതല വഹിക്കുമ്പോൾ യൂണിഫോം ധരിച്ചില്ലെന്നും സർവീസ് പിസ്റ്റൾ കൈവശംസൂക്ഷിച്ചില്ലെന്നുമുള്ള കാരണത്താലാണ് നടപടി. ആഭ്യന്തരവകുപ്പിനുവേണ്ടി അഡീഷണൽ സെക്രട്ടറി സി.വി. പ്രകാശാണ് വെള്ളിയാഴ്ച ഈ ഉത്തരവിറക്കിയത്.

    

കഴിഞ്ഞവർഷം ഒക്ടോബർ 16-നാണ് അതിരഹസ്യമായി കറൻസി ഹൈദരാബാദിലേക്ക് കൊണ്ടുപോയത്. പോലീസ് ബന്തവസ്സ് പാർട്ടിയുടെ കമാൻഡറായിരുന്നു ശ്രീജിത്ത്. ‘ഹൈദരാബാദിലേക്കുള്ള വഴി വിജനവും മാവോവാദികളുടെ സാന്നിധ്യമുള്ള പ്രദേശമാണെന്നും അതിനാൽ, എസ്കോർട്ട് ഡ്യൂട്ടിക്ക് യൂണിഫോം ധരിക്കുകയും ആയുധസജ്ജരാവുകയും വേണമെന്നും രാത്രിസമയത്ത് യാത്രചെയ്യാൻ പാടില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശമുണ്ടെന്നും ഇതനുസരിച്ചില്ലെന്നുമാണ്’ സസ്പെൻഷൻ ഉത്തരവിന്റെ ഉള്ളടക്കം.

     

കാഷ് എസ്കോർട്ട് ഡ്യൂട്ടിക്ക് ബാങ്ക് ഏർപ്പാടാക്കുന്ന സുരക്ഷാ വാഹനം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഒക്ടോബർ 17-ന് മൈസൂരു മുതൽ തെലങ്കാനയിലെ മനോപാൽ വരെ യൂണിഫോം ധരിക്കാതെയും സർവീസ് പിസ്റ്റൾ കൈവശം സൂക്ഷിക്കാതെയുമാണ് പോയത്. ആർ.ബി.ഐ.യുടെ നിർദേശം അവഗണിച്ച് പണം നിറച്ച ട്രക്കുകളുമായി രാത്രി സ്വന്തം നിലയ്ക്ക് ഏർപ്പാടാക്കിയ സ്വകാര്യ ഇന്നോവ വാഹനത്തിൽ യാത്ര ചെയ്തു. തെലങ്കാനയിൽ വെച്ച് ഒരു ട്രക്കിന്റെ ടയർ പഞ്ചറായി. തുടർന്ന്, തെലങ്കാന പോലീസും പിന്നാലെ ആർ.ഡി.ഒ.യും സ്ഥലത്തെത്തി. കാഷ് എസ്കോർട്ട് പാർട്ടിയെ സംശയ നിഴലിൽ നിർത്തി തടഞ്ഞു വെച്ചുവെന്നും സസ്പെൻഷൻ ഉത്തരവിലുണ്ട്.         

ആ സമയത്ത് തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സമയമായതിനാൽ അനധികൃതപണം പുറത്തുനിന്ന് എത്തുന്നുണ്ടോയെന്ന് പോലീസും തിരഞ്ഞെടുപ്പു കമ്മിഷൻ പ്രതിനിധികളും പരിശോധന ശക്തമാക്കിയ സമയമായിരുന്നു. അതിനെത്തുടർന്നാണ് തെലങ്കാന പോലീസും ആർ.ഡി.ഒ.യും പരിശോധന നടത്തിയത്. നാരായൺഗുഡ കറൻസിചെസ്റ്റിൽ പണം ഏൽപ്പിച്ചശേഷം കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരെ വഴിയിൽ ഉപേക്ഷിച്ച് സ്വകാര്യകാറിൽ സ്വന്തം ഇഷ്ടപ്രകാരം പോയെന്നും ഡി.ജി.പി. റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

      

കടുത്ത കൃത്യവിലോപമെന്ന്‌ റിപ്പോർട്ട്‌

 ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി.യുടെ സ്പെഷ്യൽ റിപ്പോർട്ടും ഡി.ജി.പി.ക്ക് നൽകിയിരുന്നു. ഗുരുതരമായ സുരക്ഷാവീഴ്ച, കടുത്ത കൃത്യവിലോപം, അച്ചടക്കലംഘനം, ഉത്തരവാദിത്വമില്ലായ്മ, കേരള പോലീസിന്റെ മനോവീര്യം തകർത്ത് സേനാംഗങ്ങൾ അപമാനിതരാകുന്ന സാഹചര്യം സൃഷ്ടിക്കുക എന്നീ കുറ്റങ്ങൾ എ.സി.യുടെ ഭാഗത്തുനിന്നുണ്ടായെന്നാണ് ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തൽ.

    

രാത്രിയാത്ര പാടില്ലെന്നോ ഒപ്പം പോലീസ് സംഘത്തിനും ബാങ്ക് ജീവനക്കാർക്കും താമസസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദേശമോ കേരള പോലീസിലെ മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നോ ബാങ്കിന്റെ ഭാഗത്തുനിന്നോ അകമ്പടിപോയ പോലീസുകാർക്ക് കിട്ടിയില്ലെന്നാണ് ബന്ധപ്പെട്ടവരുടെ ആക്ഷേപം. അവിചാരിതമായി, പണം കൊണ്ടുപോകുന്ന വാഹനങ്ങൾ ടയർ പഞ്ചറായി രണ്ടിടത്ത് അറ്റകുറ്റപ്പണിക്കായി നിർത്തിയപ്പോൾ തെലങ്കാന പോലീസിലെ അതാതിടങ്ങളിലെ എസ്.പി.മാരുടെ സഹായം തേടിയിരുന്നുവെന്നും അകമ്പടിപോയ പോലീസുകാർ പറഞ്ഞു.

 

 അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു