
കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയിൽ നാരങ്ങാത്തോട് പതങ്കയത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പുഴയിൽ അകപ്പെട്ട യുവാക്കളെ ഹോംഗാർഡും മിനാർ പവർ ഹൗസിലെ ജീവനക്കാരും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി. മലപ്പുറം താനൂർ സ്വദേശികളായ രണ്ട് യുവാക്കളാണു മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയത്.
ഇന്ന് വൈകീട്ടോടെയാണ് സംഭവം. ഇരവഴിഞ്ഞിപ്പുഴയുടെ മുകൾഭാഗമായ ഇവിടെ താനൂരിൽ നിന്ന് സംഘമായി വിനോദസഞ്ചാരത്തിന് എത്തിയവരായിരുന്നു ഇവർ. സംഘത്തിലെ രണ്ടു പേരാണ് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പുഴയുടെ നടുക്ക് പാറക്കെട്ടുകൾ നിറഞ്ഞയിടത്ത് കുടുങ്ങിയത്. തുടർന്ന് നാട്ടുകാർ വടം കെട്ടി ഇട്ടുകൊടുത്താണ് ഇവരെ രക്ഷപ്പെടുത്തിയത്.
ഉൾവനത്തിൽ കനത്ത മഴ പെയ്തതാണ് പെട്ടെന്ന് പുഴയിൽ മലവെള്ളപ്പാച്ചിലിനു കാരണം. ചുരുങ്ങിയ കാലത്തിനുള്ളിൽ പതങ്കയത്തിൽ 20 പേരാണ് അപകടത്തിൽപ്പെട്ടു മരിച്ചത്. ഇതു മൂലം പതങ്കയത്തേക്കുള്ള പ്രവേശനം പൂർണമായി നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ നിരോധനങ്ങൾ എല്ലാം അവഗണിച്ചാണ് സഞ്ചാരികൾ പതങ്കയത്ത് എത്തുന്നത്.
തിരുവനന്തപുരത്തും കോഴിക്കോടും ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് മലയോര മേഖലയിലാണ് കനത്ത കാറ്റും മഴയുമുള്ളത്. മഴയും നീരൊഴുക്കും ശക്തമായതോടെ തിരുവമ്പാടി പുന്നക്കൽ ചെറുപുഴയിലും മലവെള്ളപ്പാച്ചിൽ ആരംഭിച്ചിട്ടുണ്ട്.