'പ്രതിഷേധക്കാരെ ചവിട്ടേണ്ട സാഹചര്യമില്ലായിരുന്നു'; ബൂട്ടിട്ട് ചവിട്ടിയ പോലീസുകാരനെതിരെ അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: കെ റെയിൽ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലീസ് ഉദ്യോഗസ്ഥനെതിരേ അന്വേഷണം റിപ്പോർട്ട്. പ്രതിഷേധക്കാരെ ചവിട്ടേണ്ട സാഹചര്യമില്ലായിരുന്നുവെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു. മംഗലപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരേയാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്.
തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കെ റെയിൽ കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ സംഘർഷമുണ്ടായത്. ഇവരെ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും തടഞ്ഞതോടെ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ പോലീസുകാരൻ ബൂട്ടിട്ട് പ്രവർത്തനെ ചവിട്ടുകയായിരുന്നു. സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതിഷേധം ശക്തമായതോടെ കല്ലിടൽ നടപടികൾ നിർത്തിവച്ച് ഉദ്യോഗസ്ഥർ ഇവിടെനിന്നും മടങ്ങുകയും ചെയ്തു.
പിണറായി വിജയൻ്റെ ഏകാധിപത്യം ഉൾക്കൊണ്ട് പോവില്ലെന്ന് കെ സുധാകരൻ പ്രതികരിച്ചിരുന്നു. പിണറായി വിജയനു വീതം വച്ച് കിട്ടിയതല്ല കേരളം. ഇത് ജനങ്ങളുടെ ഭൂമിയാണ്. ഇത് പിണറായി വിജയന് ആരും തീറെഴുതിക്കൊടുത്തിട്ടില്ല. എവിടെ കുറ്റിയിട്ടാലും അത് പ്രബുദ്ധരായ ജനങ്ങൾ പിഴുതുമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, സില്‍വര്‍ലൈനെ എതിർക്കുന്നവരെ സംവാദത്തിന് ക്ഷണിച്ചിരിക്കുകയാണ് കെ റെയിൽ അധികൃതർ. കെ റെയിലിൽ വിയോജിപ്പുള്ളവരുടെ അഭിപ്രായം കൂടി കേള്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശമനുസരിച്ച് കെ റെയില്‍ കോര്പറേഷന് വ്യാഴാഴ്ച തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് സംവാദം സംഘടിപ്പിക്കുന്നത്. പത്തുമിനിറ്റ് സമയം വീതമാണ് എല്ലാവര്ക്കും അനുവദിച്ചിരിക്കുന്നത്. ശാസ്ത്രസാങ്കേതിക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.പി. സുധീര്‍ ആണ് മോഡറേറ്റര്‍. ശ്രോതാക്കളായി അമ്പതുപേരെയും പരിപാടിയില്‍ പങ്കെടുപ്പിക്കും.