കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; രണ്ടുപേര്‍ മരിച്ചു

accident
കല്‍പ്പറ്റ : കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ ഷരീഫും യാത്രക്കാരിയായ അമ്മിണിയുമാണ് മരിച്ചത്. ഇരുവരും എടപ്പെട്ടി സ്വദേശികളാണ്. വയനാട് മുട്ടില്‍ വാര്യാട് ദേശീയപാതയിലാണ് അപകടമുണ്ടായത്. 

അതേസമയം, ഓട്ടോയിലുണ്ടായിരുന്ന പുല്‍പള്ളി സ്വദേശിയായ യശോദയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

പാര്‍ക്കിങ് സ്ഥലത്തു നിന്ന് റോഡിലേക്ക് ഇറങ്ങുകയായിരുന്ന കാറില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ എതിര്‍ ദിശയില്‍ നിന്നും വന്ന കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് മറ്റൊരു കാറിലും ബൈക്കിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ പരുക്കേറ്റ ബൈക്ക് യാത്രക്കാരന്‍ ശ്രീജിത്തിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, കെഎസ്ആര്‍ടിസി ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.