എ.ആര്‍ നഗര്‍ ബാങ്ക് ക്രമക്കേട്: ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ ടി ജലീല്‍

jaleel
 

മലപ്പുറം: എ.ആർ നഗര്‍ സഹകരണ ബാങ്ക് കള്ളപ്പണ ആരോപണക്കേസില്‍ ഇ ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.ടി. ജലീല്‍. സഹകരണവകുപ്പ് അന്വേഷിക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഏത് അന്വേഷണം വേണമെന്ന് പറയേണ്ടത് താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചന്ദ്രിക കള്ളപ്പണ ഇടപാട് സംബന്ധിച്ച രേഖകള്‍ കൊച്ചി ഇഡി ഓഫീസിലെത്തി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എആര്‍ നഗര്‍ ബാങ്കിലെ ക്രമക്കേട് സംസ്ഥാന സഹകരണ വകുപ്പ് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്ന് നേരത്തെ പറഞ്ഞിരുന്നതെന്നും മുന്‍നിലപാട് മാറ്റി ജലീല്‍ വിശദീകരിച്ചു. ചന്ദ്രികയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മാത്രമാണ് ഇഡി തന്നെ വിളിപ്പിച്ചത്. ഇതുസംബന്ധിച്ച രേഖകള്‍ ഇഡിക്ക് നല്‍കിയിട്ടുണ്ട്. അറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ ഏജന്‍സിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

കേസില്‍ വിജിലന്‍സ് അന്വേഷണമാണോ വേണ്ടതെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കും. നിലവില്‍ അന്വേഷണം തടസപ്പെട്ടത് കോടതിയില്‍ നിന്നുള്ള സ്‌റ്റേ നിലനില്‍ക്കുന്നത് കൊണ്ടാണെന്ന് മുഖ്യമന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ട്. സ്‌റ്റേ നീങ്ങുന്ന മുറയ്ക്ക് ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും ജലീല്‍ പറഞ്ഞു. 

എ.ആര്‍ നഗര്‍ സഹകരണ ബാങ്കിനെ കുഞ്ഞാലിക്കുട്ടി അഴിമതിപണം ഒളിപ്പിക്കാന്‍ ഉപയോഗിച്ചെന്നാണ് കെ.ടി. ജലീലിന്‍റെ ആരോപണം. ആരോപണത്തില്‍ ജലീലിനെ തള്ളി മുഖ്യമന്ത്രിയും സിപിഎമ്മും രംഗത്ത് വന്നിരുന്നു. കെ.ടി. ജലീലും മുഖ്യമന്ത്രിയും ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

അത് തന്നെ മുഖ്യമന്ത്രി വിളിച്ചുവരുത്തിയത് അല്ലെന്നും മുഖ്യമന്ത്രിയെ കാണണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും അതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇത്തരത്തില്‍ ഇടക്ക് മുഖ്യമന്ത്രിയെ പോയി കാണാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ലീഗിനെതിരായ നിലപാടിൽ സിപിഎം പിന്തുണയുണ്ടെന്നും അതിൽ സംശയമില്ലെന്നും ജലീൽ ആവർത്തിച്ചു. വിജിലൻസ് അന്വേഷണം വേണമോ എന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കും, ശക്തമായ നടപടി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ജലീൽ പറഞ്ഞു.

17ന് മോയിൻ അലി തങ്ങളുടെയും മൊഴി എടുക്കും, ചന്ദ്രികയിലെ കള്ളപ്പണം ഉപയോഗിച്ച് ഭൂമി വാങ്ങിയത് ഉൾപ്പെടെ ഉള്ള തെളിവുകൾ കൈ മാറിയെന്നാണ ജലീലിൻറെ അവകാശവാദം. വില്ലേജ് ഓഫീസിലെ ഭൂമി ഇടപാട് രേഖകൾ അടക്കം കൈ മാറി.