നിയമസഭാ സംഘർഷം; കക്ഷി നേതാക്കളുടെ യോഗം വിളിച്ച് സ്പീക്കർ

am shamseer
 

തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിൽ സ്പീക്കർ കക്ഷിനേതാക്കളുടെ യോഗം വിളിച്ചു. നിയമസഭാ സെക്രട്ടറിയും സ്പീക്കറും കൂടിയാലോചന നടത്തിയാണ് ഇത്തരമൊരു യോഗം വിളിക്കാൻ തീരുമാനിച്ചത്. നാളെ രാവിലെ എട്ടുമണിക്കാണ് യോഗം ചേരുക. 

പ്രതിപക്ഷം യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. തങ്ങളുടെ നിലപാട് യോഗത്തിൽ യു.ഡി.എഫ് ഉന്നയിക്കും. തുടർന്ന് സഭ ചേരുമ്പോൾ എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യം പാർലമെന്ററി പാർട്ടി യോഗത്തിലാവും തീരുമാനിക്കുക.

അസാധാരണ പ്രതിഷേധമാണ് ഇന്ന് നിയമസഭയിൽ നടന്നത്. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ പോലും അനുമതി നൽകുന്നില്ലെന്ന പരാതിയുമായാണ് പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചത്. പ്രതിപക്ഷ എം.എൽ.എമാരും വാച്ച് ആന്‍റ് വാർഡുമാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തന്നെ കൈയേറ്റം ചെയ്തെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.കെ രമയും ആരോപിച്ചു.

അതേസമയം, തങ്ങൾക്കും മർദനമേറ്റതായി വാച്ച് ആൻഡ് വാർഡുമാരും ആരോപിച്ചു. യുഡിഎഫ് എം.എൽ.എമാർക്കെതിരെ വിമർശനവുമായി കേരള പൊലീസ് അസോസിയേഷൻ രംഗത്തെത്തി. ജനപ്രതിനിധികളുടെ ഭാഗത്തു നിന്ന് വാച്ച് ആൻഡ് വാർഡിനെതിരെ നടന്ന ആക്രമണം ഗൗരവമുള്ളതാണെന്ന് പരാതിയിൽ പറയുന്നു.
 
നിയമവ്യവസ്ഥയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കും വിധം കർശന നടപടി സ്വീകരിക്കണമെന്നും പൊലീസ് അസോസിയേഷൻ ആവശ്യപ്പെടുന്നു. നടന്നത് വാച്ച് ആൻഡ് വാർഡുമാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തലാണെന്നും ചില ഉദ്യോഗസ്ഥരെ എം.എൽ.എമാരും അവരുടെ സ്റ്റാഫുകളും ചേർന്ന് മർദിച്ചെന്നും പൊലീസ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.