നിയമസഭാ കയ്യാങ്കളി കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് മുൻ ഇടത് എംഎൽഎമാർ കോടതിയിൽ

google news
 നിയമസഭാ കയ്യാങ്കളി കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് മുൻ ഇടത് എംഎൽഎമാർ കോടതിയിൽ
 

തിരുവന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നീട്ടാന്‍ പുതിയ വാദവുമായി മുന്‍ എം.എല്‍.എമാര്‍ കോടതിയില്‍. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഇടത് മുന്‍ എം.എല്‍.എമാരായ ഇ.എസ്. ബിജിമോള്‍, ഗീതാ ഗോപി എന്നിവര്‍ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹർജിയിലെ നിയമ സാധുത പരിശോധിക്കാനും വിശദവാദം കേൾക്കാനും കേസ് ഈ മാസം 29ന് പരിഗണിക്കും.

നിയമസഭയിലെ കയ്യാങ്കളിയിൽ പരുക്ക് പറ്റിയതായി ഇരുവരുടേയും ഹർജിയിൽ പറയുന്നു. മ്യൂസിയം പൊലീസിന് പരാതി നൽകിയെങ്കിലും പരുക്കിനെക്കുറിച്ച് അന്വേഷിച്ചില്ല. പൊലീസ് സമർപിച്ച കുറ്റപത്രത്തിൽ ഇരുവരുടേയും വൂണ്ട് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും മൊഴി രേഖപ്പെടുത്തുകയോ സാക്ഷിയാക്കുകയോ ചെയ്തില്ല. കുറ്റപത്രം സമർപ്പിച്ചതിനാലാണ് തുടരന്വേഷണം ആവശ്യപ്പെടുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. 

ഇരുവരും വെവ്വേറെ ഹര്‍ജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അറിഞ്ഞത് അടുത്ത കാലത്താണെന്ന്‌
ഇവര്‍ പറയുന്നു. അതിനാല്‍ കുറ്റപത്രം വായിക്കാനായത് ഇപ്പോഴാണ്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുറ്റപത്രത്തിലെ അപാകതകള്‍ കണ്ടെത്തിയതെന്നാണ് ഇവര്‍ ഉന്നയിക്കുന്ന വാദം. 

മന്ത്രി ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ നിയമസഭയ്ക്കുള്ളിൽ ആക്രമണം നടത്തി 2.20  ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.
 

Tags