'ദക്ഷിണേന്ത്യയിൽ ഫാഷിസ്റ്റ് ശക്തികളെ അകറ്റി നിര്‍ത്താന്‍ നമുക്കൊരുമിച്ച് പ്രവർത്തിക്കാം': പിണറായിക്ക് സ്റ്റാലിന്റെ മറുപടി

let us work together to drive them away from South India- Stalin to pinarayi
 

ചെന്നൈ: തെക്കേ ഇന്ത്യയില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് തമിഴ്‌നാട് മുഖ്യന്ത്രി എം.കെ.സ്റ്റാലിന്‍. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പിണറായി വിജയയന്‍ പങ്കുവെച്ച ട്വീറ്റിന് പ്രതികരണമായാണ് സ്റ്റാലിന്‍ ഇങ്ങനെ പറഞ്ഞത്. 'ആശംസകള്‍ക്ക് നന്ദി സഖാവെ' എന്ന് തുടങ്ങികൊണ്ടായിരുന്നു സ്റ്റാലിന്റെ മലയാളത്തിലുള്ള പ്രതികരണം.

'കേരള-തമിഴ്‌നാട് ബന്ധം ശക്തിപ്പെടുത്താനുള്ള നിങ്ങളുടെ ശ്രമങ്ങളെ അങ്ങേയറ്റം അഭിനന്ദിക്കുന്നു. ഫെഡറലിസത്തിന്റെയും മതേതരത്വത്തിന്റെയും നമ്മുടെ മാതൃഭാഷകളുടെയും സംരക്ഷണത്തില്‍ നിങ്ങള്‍ ഹൃദയങ്ങള്‍ കീഴടക്കി. നിങ്ങള്‍ക്ക് സന്തോഷവും ആരോഗ്യവും വിജയവും നേരുന്നു' സ്റ്റാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.


തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ എഴുപതാം പിറന്നാൾ അതിഗംഭീരമായാണ് പാർട്ടിപ്രവർത്തകരും കുടുംബവും ആഘോഷിച്ചത്. പിണറായി വിജയനു പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദി, സൂപ്പർ സ്റ്റാർ രജനികാന്ത്, ഡിഎംകെ എംപി കനിമൊഴി, നടൻ കമൽ ഹാസൻ, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, വിജയകാന്ത്, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി തുടങ്ങിയവരും സമൂഹമാധ്യമങ്ങൾ വഴി സ്റ്റാലിന് ജന്മദിനാശംസകൾ നേർന്നു.