കത്ത് വിവാദം; മേയർക്കുമെതിരായ കള്ള പ്രചാരണങ്ങൾ തുറന്നു കാണിക്കണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യം

arya
 

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പ്രചാരണത്തിനൊരുങ്ങി സി.പി.ഐ.എം. ബി.ജെ.പിയുടെ അജണ്ട തുറന്നു കാണിക്കണമെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യമുയർന്നു. കോർപ്പറേഷനും മേയർക്കുമെതിരായ കള്ള പ്രചാരണങ്ങൾ തുറന്നു കാണിക്കണമെന്നാണ് ആവശ്യം.
 
എൽ.ഡി.എഫിന്റെ രാജ്ഭവൻ ധർണയ്ക്ക് ശേഷം പ്രചാരണ പരിപാടികൾ തീരുമാനിക്കും. പാർട്ടി അന്വേഷണത്തിൽ തീരുമാനമെടുത്തില്ല. പാർട്ടി അന്വേഷണവും സംഘടനാപരമായ തിരുത്തലും പിന്നീട് മതിയെന്നാണ് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. 


അതേസമയം, കത്ത് വിവാദവുമായി ബന്ധപ്പെട്ട് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മേയർ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. കത്തിനെ കുറിച്ച് അറിയില്ലെന്നും കോർപ്പറേഷനിലെ നിയമനങ്ങളിൽ ഇടപടാറില്ലെന്നുമാണ് ആനാവൂരിന്റെ മൊഴി. കത്ത് നൽകിയിട്ടില്ലെന്ന് മേയർ ആര്യാ രാജേന്ദ്രനും മൊഴി നൽകി. വീട്ടിൽ വെച്ചാണ് മേയറുടെ മൊഴി രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ചിന് പിന്നാലെയാണ് വിജിലൻസും വിവാദ കത്തിൽ അന്വേഷണം നടത്തുന്നത്. പരാതി നൽകിയ കോൺണഗ്രസ് നേതാവും മുൻ കൗൺസിലറുമായ ശ്രീകുമാറിൽ നിന്നും വിജിലൻസ് മൊഴിയെടുത്തു

  
ഇന്നലെയാണ് കത്ത് വിവാദത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് മേധാവി നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഒന്ന് വിവരശേഖരണം ആരംഭിച്ചിരുന്നു.