ലൈഫ് മിഷന്‍ കോഴക്കേസ്; ശിവശങ്കറിന്റെ ഹര്‍ജി പരിഗണിക്കാതെ ഹൈക്കോടതി, മറ്റൊരു ബെഞ്ചിലേക്ക് മാറ്റി

m sivashankar

കൊച്ചി : ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കാതെ ഹൈക്കോടതി. അഴിമതി നിരോധന നിയമപ്രകാരമുള്ള ഹര്‍ജി മാത്രമേ പരിഗണിക്കാന്‍ കഴിയൂവെന്ന് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. തുടര്‍ന്ന് ജാമ്യ ഹര്‍ജി പരിഗണിക്കുന്ന മറ്റൊരു ബെഞ്ചിലേക്ക് ശിവശങ്കറിന്റെ ഹര്‍ജി മാറ്റുകയായിരുന്നു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

അതേസമയം, നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ശിവശങ്കര്‍ കേസില്‍ തന്നെ ഇഡി വേട്ടയാടുന്നുവെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജി നല്‍കിയത്. കേസിലെ മറ്റ് പ്രതികളെ ഒന്നും അറസ്റ്റ് ചെയ്യാതെ തന്നെ മാത്രം അറസ്റ്റ് ചെയ്തത് ആരോഗ്യ സ്ഥിതി പോലും പരിഗണിക്കാതെയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.