ലൈഫ് മിഷൻ സിഇഒ മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കണം; അഡീ. ചീഫ് സെക്രട്ടറിയുടെ കത്ത് പുറത്ത്

life
 

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടു തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കത്ത് പുറത്ത്. റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പുവച്ച 2019 ജൂലൈ 11ന് വൈകിട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് ലൈഫ് മിഷൻ സിഇഒയ്ക്കു നല്‍കിയ കത്താണു പുറത്തുവന്നത്. 

സര്‍ക്കാര്‍ ഭൂമിയില്‍ റെഡ് ക്രസന്റ് നേരിട്ട് ഭവനനിര്‍മാണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നടത്തും. ഇവരുമായുള്ള ധാരണാപത്രം നടപ്പാക്കണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയാക്കിനല്‍കണമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. തനിക്ക് ലഭിച്ച നിര്‍ദേശത്തിനനുസരിച്ചാണ് ധാരണാപത്രം അടക്കമുള്ള നടപടികളിലേക്ക് കടന്നതെന്ന യു.വി ജോസ് മുമ്പ് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയെ സാധൂകരിക്കുന്ന കത്താണ് പുറത്തുവന്നിരിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ താൻ ഒപ്പുവയ്ക്കാൻ കാരണം ചീഫ് സെക്രട്ടറി തലത്തിൽനിന്നു ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 


അതിനിടെ, ലൈഫ് മിഷനോടു രേഖകള്‍ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വടക്കാഞ്ചേരി പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.